റാന്നി അമ്പാടി കൊലക്കേസ്: പ്രതികൾ എറണാകുളത്ത് പിടിയിൽ
Monday, December 16, 2024 1:49 PM IST
പത്തനംതിട്ട: റാന്നിയിൽ യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി കേസിൽ പ്രതികൾ അറസ്റ്റിൽ. റാന്നി സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടൻ, അജോ എന്നിവരാണ് പിടിയിലായത്. എറണാകുളത്തുനിന്നാണ് പ്രതികൾ പിടിയിലായത്.
കീക്കോഴൂരില്‍ വാടകയ്ക്കു താമസിക്കുന്ന വെട്ടിക്കല്‍ വീട്ടില്‍ ബാബുവിന്റെ മകന് അമ്പാടി (23) ആണ് കൊല്ലപ്പെട്ടത്. റാന്നി മന്ദമരുതിയില്‍ ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.
ഞായറാഴ്ച വൈകിട്ട് റാന്നി ബിവ്റേജസ് കോര്‍പറേഷന്റെ മദ്യവില്പനശാലയ്ക്കു സമീപത്തുനിന്നാണു സംഭവങ്ങളുടെ തുടക്കം. അജോ, മത്തി മിഥുന് എന്നിവര്‍ ഇവിടെവച്ച് പരസ്പരം ഏറ്റുമുട്ടി. ഇതിനുശേഷം മന്ദമരുതിയിലും വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പിന്നീടു വീട്ടിലേക്കുപോയ ഇരുകൂട്ടരും രണ്ടു കാറുകളില്‍ സംഘാംഗങ്ങളുമായി മന്ദമരുതിയില്‍ തിരിച്ചെത്തി.
അരവിന്ദ് എന്ന വിളിക്കുന്ന കുട്ടുവിനൊപ്പമാണ് മത്തി മിഥുന്റെ സംഘം എത്തിയത്. അജോയ്ക്ക് ഒപ്പമാണ് അമ്പാടി വന്നത്. ഇവര്‍ വന്ന വാഹനത്തിന്റെ ഡോര്‍ തുറന്ന് അമ്പാടി ഇറങ്ങുമ്പോൾ അമിതവേഗത്തില്‍ വന്ന സ്വിഫ്റ്റ് കാര്‍ ഇടിച്ചുവീഴ്ത്തിയ ശേഷം ശരീരത്തുകൂടി കയറ്റിയിറക്കി പോകുകയായിരുന്നു.
പരിക്കേറ്റ അമ്പാടിയെ ഉടന്‍തന്നെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിക്കപ്പ് വാഹനത്തില്‍ കൈതച്ചക്ക കച്ചവടം നടത്തുന്നയാളാണ് അമ്പാടി.