ചോദ്യപേപ്പർ ചോർച്ച: അന്വേഷണം ക്രൈംബ്രാഞ്ചിന്
Monday, December 16, 2024 1:25 PM IST
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ക്രൈംബ്രാഞ്ച് അന്വേഷിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡിജിപിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം നടത്തുന്നത്. പരാതി ഡിജിപി ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറി.
ചോർച്ചയിൽ തുടർനടപടി സ്വീകരിക്കാൻ വിദ്യാഭ്യാസമന്ത്രി വിളിച്ച ഉന്നതതലയോഗം വൈകീട്ട് ചേരും. എസ്എസ്എൽസിയുടെയും പ്ലസ് വണിന്റെയും ചോദ്യപേപ്പറുകളാണ് യൂ ട്യൂബ് ചാനലുകൾ ചോർത്തി നൽകിയത്.
ഏറ്റവും അധികം ചോദ്യങ്ങൾ വന്ന എംഎസ് സൊല്യൂഷൻസ് ആണ് സംശയനിഴലിൽ. താൽക്കാലിമായി യൂ ട്യൂബ് ചാനലിന്റെ പ്രവർത്തനം നിർത്തുകയാണെന്ന് സ്ഥാപനത്തിന്റെ സിഇഒ എംഎസ് ഷുഹൈബ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.