സെഞ്ചുറിയോടെ വില്യംസൺ, കിവീസിനു കൂറ്റൻ സ്കോർ; ഇംഗ്ലണ്ടിന് ജയിക്കാൻ 658
Monday, December 16, 2024 1:01 PM IST
ഹാമിൽട്ടൺ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിന് കൂറ്റൻ സ്കോർ. രണ്ടാമിന്നിംഗ്സിൽ 453 റൺസിനു പുറത്തായ കിവീസ് ഇംഗ്ലണ്ടിനു മുന്നിൽ 658 റൺസിന്റെ പടുകൂറ്റൻ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്.
കെയ്ൻ വില്യംസണിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിലാണ് ആതിഥേയർ മികച്ച സ്കോറിലെത്തിയത്. 204 പന്തിൽ 20 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 156 റൺസെടുത്ത വില്യംസണാണ് കിവീസ് നിരയിലെ ടോപ് സ്കോറർ. വിൽ യംഗ് (60), ഡാരിൽ മിച്ചൽ (60), രചിൻ രവീന്ദ്ര (44), മിച്ചൽ സാന്റ്നർ (49), ടോം ബ്ലണ്ടൽ (പുറത്താകാതെ 44) എന്നിവരും മികച്ച സംഭാവനകൾ നല്കി.
ഇംഗ്ലണ്ടിനു വേണ്ടി ജേക്കബ് ബേതെൽ മൂന്നുവിക്കറ്റും ബെൻ സ്റ്റോക്സ്, ഷോയിബ് ബഷീർ എന്നിവർ രണ്ടുവിക്കറ്റ് വീതവും മാത്യു പോട്ട്സ്, ഗസ് അറ്റ്കിൻസൺ, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് മൂന്നാംദിനം കളിനിർത്തുമ്പോൾ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 18 റൺസെന്ന നിലയിലാണ്. ഒമ്പതു റൺസുമായി ജേക്കബ് ബേതെലും റണ്ണൊന്നുമെടുക്കാതെ ജോ റൂട്ടുമാണ് ക്രീസിൽ.
സാക് ക്രോളി (അഞ്ച്), ബെൻ ഡക്കറ്റ് (നാല്) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. മാറ്റ് ഹെൻറിക്കും ടിം സൗത്തിക്കുമാണ് വിക്കറ്റുകൾ.