ഗാബയിൽ കളി കൈവിട്ട് ഇന്ത്യ, കളംപിടിച്ച് മഴ
Monday, December 16, 2024 12:16 PM IST
ബ്രിസ്ബേന്‍: ബോര്‍ഡര്‍ - ഗവാസ്കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ കളിമുടക്കി മഴ. ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് തുടരുന്ന ഇന്ത്യ നാലുവിക്കറ്റ് നഷ്ടത്തിൽ 48 റൺസെന്ന നിലയിൽ തകർച്ചയെ നേരിടവേയാണ് മഴയെത്തിയത്. ഇന്ന് രണ്ടാം തവണയാണ് മത്സരം മഴ കളി മുടക്കുന്നത്.
30 റൺസുമായി കെ.എൽ. രാഹുലും റണ്ണൊന്നുമെടുക്കാതെ രോഹിത് ശർമയുമാണ് ക്രീസിൽ. യശസ്വി ജയ്സ്വാൾ (നാല്), ശുഭ്മാൻ ഗിൽ (ഒന്ന്), വിരാട് കോഹ്ലി (മൂന്ന്), ഋഷഭ് പന്ത് (ഒമ്പത്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മിച്ചൽ സ്റ്റാർക്ക് രണ്ടും ജോഷ് ഹേസിൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
സ്കോർബോർഡിൽ നാലു റൺസ് ചേർത്തപ്പോഴേ ഇന്ത്യയുടെ വിക്കറ്റ് വീഴ്ച ആരംഭിച്ചു. നാലു റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആദ്യ പന്തിൽ ബൗണ്ടറിയോടെ തുടങ്ങിയ ജയ്സ്വാളിനെ രണ്ടാംപന്തിൽ മിച്ചൽ സ്റ്റാർക്ക് മിച്ചൽ മാർഷിന്റെ കൈകളിലെത്തിച്ചു. പിന്നാലെയെത്തിയ ശുഭ്മാന്‍ ഗില്ലിനെയും നിലയുറപ്പിക്കുന്നതിനു മുമ്പ് സ്റ്റാർക്ക് പുറത്താക്കിയതോടെ ഇന്ത്യ രണ്ടിന് ആറു റൺസെന്ന നിലയിലായി.
തുടര്‍ന്നെത്തിയ വിരാട് കോഹ്ലിക്കൊപ്പം ക്രീസിൽ ഒന്നിച്ച കെ.എൽ. രാഹുൽ സ്കോർ ഉയർത്താൻ ശ്രമം ആരംഭിച്ചു. എന്നാൽ സ്കോർ 22 റൺസിൽ നില്‍ക്കെ കോഹ്ലിയെ പുറത്താക്കി ജോഷ് ഹേസില്‍വുഡ് ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു. പിന്നീട് രാഹുലും ഋഷഭ് പന്തും ചേർന്ന് രക്ഷാപ്രവർത്തനം നടത്തവേ ആദ്യതവണ മഴയെത്തി.
പിന്നീട് മഴയ്ക്ക് ശേഷം മത്സരം ആരംഭിച്ചപ്പോള്‍ പന്തിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് കാരിക്ക് ക്യാച്ച് നല്‍കിയാണ് പന്ത് മടങ്ങിയത്. ഇതോടെ ഇന്ത്യ നാലിന് 44 റൺസെന്ന നിലയിലായി. പിന്നീട് നാലു റൺസ് കൂട്ടിച്ചേർക്കവേയാണ് വീണ്ടും മഴ കളിമുടക്കിയത്.
നേരത്തെ, ഒന്നാമിന്നിംഗ്സിൽ ഓസ്ട്രേലിയ 445 റൺസിനു പുറത്തായിരുന്നു. മൂന്നാംദിനം ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്സ് കാരി നേരിയ അര്‍ധസെഞ്ചുറിയാണ് ഓസീസിനെ മികച്ച സ്കോറിൽ എത്തിച്ചത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ ആറു വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ് രണ്ടും ആകാശ്ദീപ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഏഴിന് 405 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയർക്ക് 18 റൺസെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ബുംറയ്ക്കാണ് വിക്കറ്റ്. പിന്നാലെയെത്തിയ നഥാന്‍ ലയണിനെ (രണ്ട്) സിറാജ് മടക്കി. ഈസമയം ഒരറ്റത്ത് പിടിച്ചുനിന്ന അലക്സ് കാരി അർധസെഞ്ചുറി പിന്നിട്ട് മുന്നേറുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ അലക്സ് കാരിയെയും പുറത്താക്കി ആകാശ്ദീപ് ഓസീസിന്റെ വിക്കറ്റ് വീഴ്ച പൂർത്തിയാക്കി.
88 പന്തിൽ ഏഴു ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 70 റൺസെടുത്ത താരമാണ് ഓസീസ് നിരയിലെ മൂന്നാമത്തെ ടോപ് സ്കോറർ. നേരത്തെ സ്റ്റീവന്‍ സ്മിത്തിന്റെയും ട്രാവിസ് ഹെഡിന്റെയും തകര്‍പ്പന്‍ സെഞ്ചുറികളാണ് ഓസീസിന് മികച്ച സ്കോര്‍ നേടിക്കൊടുത്തത്.