തെരഞ്ഞെടുപ്പിൽ തോറ്റാൽ മാത്രം ഇവിഎമ്മുകൾ പ്രശ്നമാകില്ല: ഒമർ അബ്ദുള്ള
Monday, December 16, 2024 11:41 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ തോറ്റാൽ മാത്രം ഇവിഎമ്മുകൾ പ്രശ്നമാകില്ലെന്ന് ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. വോട്ടിംഗ് രീതിയെ ചോദ്യം ചെയ്യുന്നതിൽ സ്ഥിരത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.
കോൺഗ്രസും സഖ്യകക്ഷികളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ബാലറ്റ് വോട്ടിംഗിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമ്പോഴാണ് ഒമർ അബ്ദുള്ളയുടെ പ്രതികരണം. ഒമറിന്റെ നാഷണൽ കോൺഫറൻസ് ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്. കോൺഗ്രസ് ജമ്മു കാഷ്മീരിൽ നാഷണൽ കോൺഫറൻസിന്റെ സഖ്യ പങ്കാളിയുമാണ്.
ഇവിഎമ്മുകൾ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പിൽ നൂറിലധികം പാർലമെന്റ് അംഗങ്ങളെ ലഭിക്കുകയും അത് പാർട്ടിയുടെ വിജയമായി ആഘോഷിക്കുകയും പിന്നീട് കുറച്ച് മാസങ്ങൾക്ക് ശേഷം ഇവിഎമ്മുകൾക്കെതിരെ തിരിയുകയും ചെയ്യുന്നത് ഉചിതമല്ല.
ഇവിഎമ്മുകളിൽ പ്രശ്നങ്ങളുണ്ടെങ്കിൽ, ആ പ്രശ്നങ്ങളിൽ ഉറച്ചുനിൽക്കണം. ഇവിഎമ്മുകളിൽ പ്രശ്നമുണ്ടെന്ന് വിശ്വസിക്കുമ്പോൾ എങ്ങനെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കും. മെഷിനുകളിൽ വിശ്വസിക്കുന്നില്ലെങ്കിൽ പോരാടണം. ജയിക്കുമ്പോൾ നിശബ്ദത പാലിക്കുന്നതും പരാജയപ്പെട്ടാൽ മെഷിനെതിരെ സംസാരിക്കുന്നതും ശരിയല്ല.
വോട്ടിംഗ് രീതിയിൽ വിശ്വസിക്കുന്നില്ലെങ്കിൽ പാർട്ടികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും ഒമർ അബ്ദുള്ള കൂട്ടിച്ചേർത്തു.