രാജ്യസഭയിൽ ഭരണഘടന ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും; പ്രധാനമന്ത്രി പങ്കെടുക്കില്ല
Monday, December 16, 2024 9:43 AM IST
ന്യൂഡല്‍ഹി: ഭരണഘടനയുടെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക ചര്‍ച്ച ഇന്നു രാജ്യസഭയില്‍ തുടങ്ങും. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ചര്‍ച്ചക്ക് തുടക്കമിടും. അതേസമയം, ചര്‍ച്ചയില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസംഗവും ഇന്നുണ്ടാകും. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പടെയുള്ള നേതാക്കളും സംസാരിക്കും.
അതേസമയം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ ചൊവ്വാഴ്ച ലോക്സഭാ അജണ്ടയിൽ ഉൾപ്പെടുത്തും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ഇന്ന് അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകായിരുന്നു.
എംപിമാർക്ക് നൽകിയ കാര്യപരിപാടികളുടെ പട്ടികയിൽ ഈ ബിൽ അവതരണമില്ല. ബില്ലിനെതിരേ ശക്തമായ പ്രതിപക്ഷ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാനാണ് സാധ്യത.