അടിയന്തരാവസ്ഥ കോൺഗ്രസ് ഭരണത്തിലെ കറുത്ത പാട്; ചിലർ അസ്വസ്ഥത പ്രകടിപ്പിക്കാൻ ഭരണഘടനയെ ഉപയോഗിക്കുന്നു: പ്രധാനമന്ത്രി
Saturday, December 14, 2024 6:52 PM IST
ന്യൂഡൽഹി: ഭരണഘടനാ ശിൽപ്പികളെ സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ. ഭരണഘടനാ ചർച്ച അഭിമാനകരമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വനിതാ ശാക്തീകരണത്തിനു ഭരണഘടന അടിത്തറയായി. 75 വര്ഷത്തെ യാത്ര ചെറുതല്ല. നാരീ ശക്തിയാണ് ഭരണഘടനയുടെ ശക്തി. തുടക്കം മുതൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ രാജ്യമാണ് ഇന്ത്യ. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ഭാരതീയ സംസ്കാരം ലോകത്തിന് മാതൃകയാണെന്നും മോദി പറഞ്ഞു.
ജി 20 ഉച്ചകോടിയിൽ പോലും വനിതാ ശാക്തീകരണം പ്രധാന ചർച്ചയായി. ഈ പശ്ചാത്തലമാണ് വനിതാ സംവരണ ബിൽ കൊണ്ടുവരാൻ പ്രേരണയായത്. ലോക്സഭയിൽ വനിതാ പ്രാതിനിധ്യം കൂടി. ഇന്ത്യ ഉടൻ തന്നെ ലോകത്തെ മൂന്നാമത്തെ സമ്പത്ത് വ്യവസ്ഥയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏകത്വമാണ് ഇന്ത്യൻ ഭരണഘടനയുടെ മുഖമുദ്ര. വൈകൃത മനസുകൾ ഭാരതത്തിന്റെ ഏകത തകർത്തു. ഏകത്വത്തിനുവേണ്ടിയാണ് ഒരു രാജ്യം ഒരു നികുതി കൊണ്ടുവന്നത്. ആയുഷ്മാൻ ഭാരത് പദ്ധതി ഐക്യത്തിനും തുല്ല്യതയ്ക്കും വേണ്ടിയാണ് കൊണ്ടുവന്നത്. ഒരു രാജ്യം ഒരു ഗ്രിഡിലൂടെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുമെന്ന് മോദി വ്യക്തമാക്കി.
ചില വൈകൃത മനസുകൾ ഭാരതത്തിന്റെ ഏകത തകർത്തു. നാനാത്വത്തിൽ ഏകത്വം എന്ന നമ്മുടെ മുദ്രാവാക്യത്തെ തളർത്തി. അടിമ മനോഭാവം ഏകത്വത്തെ തളർത്തി. ആർട്ടിക്കിൾ 370 രാജ്യത്തിന്റെ ഐക്യത്തിനു തടസമായിരുന്നു.
അടിയന്തരാവസ്ഥയുടെ പാപത്തിൽനിന്ന് കോൺഗ്രസിനു മോചനമില്ല. കോൺഗ്രസ് ഭരണത്തിലെ കറുത്ത പാടാണ് അടിയന്തരാവസ്ഥ. ഭരണഘടനയെ ഞങ്ങൾ ആരാധിക്കുന്നു. കോൺഗ്രസ് കൊല്ലുന്നു. ചിലർ അസ്വസ്ഥത പ്രകടിപ്പിക്കാൻ ഭരണഘടനയെ ഉപയോഗിക്കുന്നു. കോൺഗ്രസിലെ ഒരു കുടുംബം ഭരണഘടനയെ തകർക്കാൻ ശ്രമിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
നെഹ്റു സ്വന്തം നേട്ടത്തിനായി ഭരണഘടനയെ അട്ടിമറിച്ചു. ആദ്യം ഭരണഘടനയെ ദുരുപയോഗംചെയ്തത് നെഹ്റു. പിന്നീട് ഇന്ദിരാ ഗാന്ധി ഇത് തുടർന്നു. കോടതികളുടെ അധികാരം ഇന്ദിര കവർന്നു. 1947 മുതൽ 1952 വരേ ഈ രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഇല്ലായിരുന്നു. ജനങ്ങളുടെ സ്വാതന്ത്യത്തിനുപോലും വിലങ്ങിട്ടു. 60 വർഷത്തിനിടെ 75 തവണയാണ് കോൺഗ്രസ് ഭരണഘടനയെ അട്ടിമറിച്ചതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധി അഹങ്കാരിയാണെന്നും പ്രധാനമന്ത്രി പരോക്ഷമായി വിമർശിച്ചു. അഹങ്കാരിയായ വ്യക്തി മന്ത്രിസഭാ തീരുമാനം കീറിയെറിഞ്ഞു. വോട്ടുബാങ്കിനായി ചിലർ സംവരണത്തിനു തുരങ്കംവയ്ക്കുന്നു.
കോൺഗ്രസ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന് എതിരായിരുന്നു. നെഹ്റു പ്രധാനമന്ത്രിയായത് പാർട്ടി ഭരണഘടന അട്ടിമറിച്ചാണെന്നും മോദി വിമർശിച്ചു. കോൺഗ്രസ് 60 വർഷം ഭരിച്ചിട്ടും കുടിവെള്ളം പോലും നൽകാനായില്ല.
കോൺഗ്രസ് ഭരണത്തിൽ ശൗചാലയങ്ങൾ നൽകാൻ സാധിച്ചില്ല. എന്നാൽ ജനങ്ങൾ ഇനി ദാരിദ്രത്തിലേക്ക് പോകില്ല. ഇത് മോദിയുടെ ഉറപ്പാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.