കല്ലടിക്കോട് അപകടം: ഇന്ന് സംയുക്ത പരിശോധന
Saturday, December 14, 2024 6:06 AM IST
പാലക്കാട്: ലോറി മറിഞ്ഞ് നാലു വിദ്യാർഥിനികളുടെ മരണത്തിനിടയാക്കിയ കല്ലടിക്കോട് പനയമ്പാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന. പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, നാഷണൽ ഹൈവേ അഥോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന.
മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മന്ത്രി കെ.ബി.ഗണേഷ് കുമാർ ഇന്ന് രാവിലെ 11.30 ന് അപകടസ്ഥലം സന്ദർശിക്കും. മരിച്ച നാല് വിദ്യാർഥിനികളുടെ വീടുകളിലും മന്ത്രിയെത്തും.
അതേസമയം റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്ത് എത്തിയിരുന്നു. നാട്ടുകാർ ഉന്നയിച്ച എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു.
മൂന്നു വർഷത്തിനിടെ പനയമ്പാടത്ത് പൊലിഞ്ഞത് 17 ജീവനുകളാണ്.അപകടം നിത്യസംഭവമായതോടെ സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ വാഹനവകുപ്പ് റിപ്പോർട്ട് നൽകിയെങ്കിലും ദേശീയപാതാ വിഭാഗം നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്.