സിറിയയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവരെയും ഒഴിപ്പിച്ചു: വിദേശകാര്യ മന്ത്രാലയം
Saturday, December 14, 2024 3:21 AM IST
ന്യൂഡൽഹി: ആക്രമണം രൂക്ഷമായ സിറിയയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യാക്കാരെയും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 77 പേരെ ഒഴിപ്പിച്ചു. ഇതിൽ 44 പേരും ജമ്മു കാഷ്മീരിൽ നിന്നു പോയ തീർഥാടകരാണ്.
ഇവർ സൈദ സൈനബ് നഗരത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഒഴിപ്പിച്ചവരെ സുരക്ഷിതമായി ലെബനനിലേക്ക് എത്തിച്ചെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഡമാസ്കസിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അതിർത്തി വരെ ഇവരെ അനുഗമിച്ചു.
അവിടെ നിന്ന് ലെബനനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഇവരെ സ്വീകരിച്ച് ഇമിഗ്രേഷൻ നടപടികൾക്ക് സഹായം നൽകിയെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.