29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു
Friday, December 13, 2024 9:47 PM IST
തിരുവനന്തപുരം: 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. മൂന്നാം ലോക സിനിമക്ക് പ്രാധാന്യം നൽകുന്ന മേളയാണ് ഇത്തവണത്തെതെന്ന് മേള ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
കോർപറേറ്റ് താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന സിനിമകൾ ഇപ്പോൾ കൂടുതലായി ഉണ്ടാകുന്നുവെന്നും ഇതോടൊപ്പം കലാമൂല്യമുള്ള സിനിമകളും ഉണ്ടാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ പ്രമുഖ ചലച്ചിത്രനടിയും സാമൂഹ്യപ്രവർത്തകയുമായ ശബാന ആസ്മി മുഖ്യഥിതിയായി. ഹോങ്ങൊങ് സംവിധായക ആൻ ഹൂയിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന മലയാളികളുടെ സമീപനമാണ്, ഐഎഫ്എഫ്കെയ്ക്ക് രാജ്യത്തെ മേളകളിൽ മികച്ച പദവി നേടിക്കൊടുത്തതെന്ന് ശബാന ആസ്മിയും പറഞ്ഞു.
ഇന്ന് മുതൽ ഈ മാസം 20 വരെയാണ് ഈ വർഷത്തെ ഐഎഫ്എഫ്കെ നടക്കുന്നത്. 15 സ്ക്രീനുകളിലായി 177 സിനിമകളാണ് ഇത്തവണ പ്രദർശിപ്പിക്കുക. വിവിധ അന്താരാഷ്ട്രമേളകളിൽ പുരസ്കാരം സ്വന്തമാക്കുകയും നിരൂപകപ്രശംസ നേടുകയും ചെയ്ത ചിത്രങ്ങൾ പതിവുപോലെ ഇത്തവണയും മേളയുടെ ആകർഷണമായിരിക്കും.
ലോക ചലച്ചിത്ര മേളകളിൽ ജനപ്രീതി നേടിയ 13 ചിത്രങ്ങൾ 'ഫെസ്റ്റിവൽ ഫേവറിറ്റ്സ്' കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.