വെടിക്കെറ്റ് ബാറ്റിംഗുമായി രജത് പാട്ടീദാർ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മധ്യപ്രദേശ് ഫൈനലിൽ
Friday, December 13, 2024 8:06 PM IST
ബംഗളൂരു: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിൽ മധ്യപ്രദേശ് ഫൈനലിൽ. സെമിഫൈനലിൽ ഡൽഹിയെ ഏഴ് വിക്കറ്റിന് തകർത്താണ് മധ്യപ്രദേശ് ഫൈനലിൽ എത്തിയത്. നായകൻ രജത് പാട്ടീദാറിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് മധ്യപ്രദേശ് അനായാസ വിജയം നേടിയത്.
ഡൽഹി ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം 26 പന്ത് ബാക്കി നിൽക്കെ മധ്യപ്രദേശ് മറികടന്നു. മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് മധ്യപ്രദേശ് ലക്ഷ്യത്തിലെത്തിയത്. 29 പന്തിൽ 66 റൺസ് നേടിയ രജത് പാട്ടീദാറാണ് മധ്യപ്രദേശിന്റെ ടോപ്സ്കോറർ. 46 റൺസ് നേടിയ ഹർപ്രീത് സിംഗ് ബാട്ടിയയും 30 റൺസെടുത്ത ഹർഷ് ഗൗളിയും മധ്യപ്രദേശിനായി തിളങ്ങി.
ആദ്യം ഇഷാന്ത് ശര്‍മ്മയുടെ പേസ് ആക്രമണത്തിന് മുന്നിൽ മധ്യപ്രദേശ് ഒന്ന് പതറിയെങ്കിലും ഹര്‍പ്രീതും രജത് പാടീദാറും ഒന്നിച്ചതോടെ ഡൽഹിയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. മൂന്ന് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുനൽകി ഇഷാന്ത് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 146 റണ്‍സ് എടുത്തത്. 24 പന്തിൽ 33 റണ്‍സെടുത്ത അനുജ് റാവത്ത് ആണ് ടോപ് സ്കോറര്‍. വെങ്കിടേഷ് അയ്യര്‍ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ മുംബൈ ആണ് മധ്യപ്രദേശിന്റെ എതിരാളി.