പനയമ്പാടത്ത് എംവിഡിയും പോലീസും പിഡബ്ല്യൂഡിയും ചേർന്ന് ശനിയാഴ്ച പരിശോധന നടത്തും
Friday, December 13, 2024 6:28 PM IST
പാലക്കാട് : നാല് കുട്ടികളുടെ ജീവനെടുത്ത വാഹനാപകടം ഉണ്ടായ പനയമ്പാടത്ത് എംവിഡിയും പോലീസും പിഡബ്ല്യൂഡിയും ചേർന്ന് ശനിയാഴ്ച പരിശോധന നടത്തും. നിരന്തരം അപകടമുണ്ടാകുന്ന പനയംപാടം വളവിൽ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ നിരന്തരം സമരം നടത്തിയിരുന്നു.
വേഗം നിയന്ത്രണം അടക്കമുള്ള ശുപാർശകളോടെ മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് നൽകുകയും ചെയ്തിട്ടും ഒന്നും നടക്കാത്തതാണ് നാല് കുട്ടികളുടെ ജീവൻ എടുത്തതെന്ന വ്യാപക പരാതി ഉയർന്നിരുന്നു. അപകട ശേഷം നാട്ടുകാർ ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ഇന്ന് കളക്ടറേറ്റിൽ പ്രത്യേക യോഗം ചേർന്നു.
പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽ അപകടം പതിവായ മണ്ണാർക്കാട് മുതൽ മുണ്ടൂർ വരെയുള്ള മേഖലകളിൽ അടിയന്തര ഇടപെടൽ വേണമെന്ന് യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെടെ ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് ശനിയാഴ്ച പനയമ്പാടം വളവിൽ സംയുക്ത പരിശോധന നടത്താനുള്ള തീരുമാനം.
പരിശോധന നടത്തി നടത്തി തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം.