സർവകലാശാലകളുടെ സ്വയംഭരണം അട്ടിമറിക്കാൻ കേന്ദ്രം ഗവർണറിലൂടെ ശ്രമിക്കുന്നുവെന്ന് എം.വി.ഗോവിന്ദൻ
Friday, December 13, 2024 5:37 PM IST
തിരുവനന്തപുരം: സർവകലാശാലകളുടെ സ്വയംഭരണം അട്ടിമറിക്കാൻ കേന്ദ്രം ഗവർണറിലൂടെ ശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോടതികളെ മറികടന്നാണ് വൈസ് ചാൻസലർമാരെ ഗവർണർ നിയമിക്കുന്നത്. ആർഎസ്എസിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തകരെ താത്കാലിക വിസിമാരായി നിയമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വിസിമാർ അധികാരത്തിൽ വന്നതോടുകൂടി ഗവർണർ പറയുന്നത് മാത്രം അടിസ്ഥാനമാക്കി കാവിവത്കരണത്തിന്റെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ വന്നിരിക്കുകയാണ്. സിൻഡിക്കേറ്റ് എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാൻ വൈസ് ചാൻസലർമാർ തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ എസ്എഫ്ഐ വലിയ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. കേരളത്തിന്റെ എല്ലാ സർവകലാശാലകളിലും വമ്പിച്ച വിജയത്തോടുകൂടി എസ്എഫ്ഐയ്ക്ക് നല്ലരീതിയിൽ മുന്നേറ്റം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്.
സർവകലാശാലകളുടെ ഉന്നതമായ നിലവാരം പരിശോധിച്ചാലും മികച്ച വിജയം തന്നെയാണ് കേരളത്തിനുള്ളത്. ഇന്ത്യയിലെ ഏറ്റവും മികച്ച 100 കോളജുകളിൽ 14 എണ്ണം കേരളത്തിലേതാണ്. എന്നാൽ സർവകലാശാലകളുടെ സ്വയംഭരണം തകർക്കുന്നതിനു വേണ്ടിയുള്ള നിലപാടാണ് കേന്ദ്രത്തിന്റെ പിൻബലത്തോടെ ഗവർണർ നിർവഹിച്ചു കൊണ്ടിരിക്കുന്നതെന്ന് ഗോവിന്ദൻ കൂട്ടിച്ചേർത്തു.