കല്ലടിക്കോട് അപകടം; സിമന്റ് ലോറിയുടെ ഡ്രൈവര്‍ക്കെതിരെയും നരഹത്യാക്കുറ്റം ചുമത്തി
Friday, December 13, 2024 3:37 PM IST
പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് നാല് സ്കൂള്‍ വിദ്യാര്‍ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കുട്ടികളുടെമേല്‍ മറിഞ്ഞ(സിമന്റ് ലോറിയുടെ) ലോറിയുടെ ഡ്രൈവര്‍ക്കെതിരെയും നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തേ ഇയാള്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റത്തിനാണ് കേസെടുത്തിരുന്നത്. എതിരേ വന്ന ലോറി ഓടിച്ച വഴിക്കടവ് സ്വദേശി പ്രജീഷിനെതിരേ നേരത്തേ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് നാല് വിദ്യാര്‍ഥിനികളുടെ ജീവൻ നഷ്ടമായ അപകടം സംഭവിച്ചത്. പാലക്കാട്ടുനിന്നു മണ്ണാർക്കാട് ഭാഗത്തേക്കു സിമന്റ് കയറ്റിപ്പോയ ലോറി കുട്ടികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. മറ്റൊരു ലോറി തട്ടിയതിനെ തുടർന്നാണ് വാഹനം മറിഞ്ഞത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ആയിഷ, ഇര്‍ഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്.