കോടതിയലക്ഷ്യമെന്ന അതിജീവിതയുടെ പരാതി: മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്ക് നോട്ടീസ്
Thursday, December 12, 2024 2:56 PM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്ക് നോട്ടീസയച്ച് വിചാരണക്കോടതി. കേസിലെ അതിജീവിത സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. പ്രതിയായ ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞത് കോടതിയലക്ഷ്യമാണെന്നായിരുന്നു നടിയുടെ പരാതി.
നടിയെ ആക്രമിച്ച കേസിലെ തുടരമ്പേഷണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് സംസ്ഥാന പോലീസിലെ മുതിര്‍ന്ന ഡിജിപി ആയിരുന്ന ശ്രീലേഖ പോലീസ് കണ്ടെത്തലുകളെ തള്ളി രംഗത്തെത്തിയത്. കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് അടക്കമുള്ള ശ്രീലേഖയുടെ പരാമർശങ്ങൾ വിവാദമായിരുന്നു.
ചില ഓൺലൈൻ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലും തന്റെ യൂട്യൂബ് ചാനലിലുമാണ് ദിലീപിന് അനുകൂലമായി ശ്രീലേഖ സംസാരിച്ചത്. പള്‍സര്‍ സുനി മുമ്പും നടിമാരോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ജയിലില്‍നിന്ന് ദിലീപിന് കത്തയച്ചത് സുനിയല്ല, സഹതടവുകാരനാണെന്നും അവർ പറഞ്ഞിരുന്നു.
അതേസമയം, തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്ന നടിയുടെ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത ഹർജി നൽകിയത്.
വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാർഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്നാണ് അതിജീവിത ഹർജിയിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്.