പന്പയിൽ വനിതകൾക്കായി വിശ്രമ കേന്ദ്രം ഒരുങ്ങി
Sunday, December 8, 2024 11:22 PM IST
പത്തനംതിട്ട: പമ്പയിൽ വനിതകൾക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർമ്മിച്ച വിശ്രമ കേന്ദ്രം (ഫെസിലിറ്റേഷൻ സെന്റർ ) തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പമ്പ ഗണപതി ക്ഷേത്രത്തിന് സമീപമാണ് വിശ്രമ കേന്ദ്രം ഒരുങ്ങിയിരിക്കുന്നത്.
ആയിരം സ്ക്വയർ ഫീറ്റിൽ 50 സ്ത്രീകൾക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന വിശ്രമ കേന്ദ്രമാണ് ഒരുക്കിയിരിക്കുന്നത്. ശീതീകരിച്ച ഫെസിലിറ്റേഷൻ സെൻററിൽ റെസ്റ്റ് റും, ഫീഡിങ് റൂം, ടോയ്ലറ്റ് ബ്ലോക്ക് എന്നിവ ഉൾപ്പെടുന്നു.
വനിതകൾക്കായി പമ്പയിൽ ഒരു വിശ്രമകേന്ദ്രം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അതിനാണ് ഫെസിലിറ്റേഷൻ സെന്റർ യാഥാർഥ്യമായതോടെ പരിഹാരമാവുന്നത്. തീർഥാടകർക്കൊപ്പം പമ്പയിൽ എത്തുന്ന യുവതികൾക്ക് സുഖമായും സുരക്ഷിതമായും വിശ്രമിക്കാൻ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനക്ഷമായതോടെ സാധിക്കും.
സന്നിധാനത്ത് ചോറൂണിനായി എത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാർക്ക് പമ്പയിൽ തങ്ങേണ്ടി വരുമ്പോഴും ഈ സംവിധാനം പ്രയോജനപ്പെടുത്താൻ കഴിയും. ഉദ്ഘാടന ചടങ്ങിൽ പമ്പ സ്പെഷ്യൽ ഓഫീസർ ജയശങ്കർ ഐ.പി.എസ്, എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ രാജേഷ് മോഹൻ, ശ്യാമപ്രസാദ്, പമ്പ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷിബു. വി, അസിസ്റ്റന്റ് എൻജിനീയർ അരുൺ തുടങ്ങിയവർ പങ്കെടുത്തു.