ദിലീപ് എത്രനേരം സോപാനത്തിൽ തുടർന്നെന്ന് ഹൈക്കോടതി; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു
Saturday, December 7, 2024 2:51 PM IST
കൊച്ചി: നടൻ ദിലീപിന് ശബരിമലയിൽ വിഐപി സുരക്ഷ നല്കിയ സംഭവത്തിൽ സോപാനത്തിന് മുന്നിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഹൈക്കോടതി. എത്ര സമയം ദിലീപ് ഹരിവരാസനം സമയത്ത് സോപാനത്തിൽ തുടർന്നുവെന്നും കോടതി ചോദ്യമുന്നയിച്ചു.
ദിലീപ് സോപാനത്തിൽ തുടർന്നതിനാൽ മറ്റ് ഭക്തർക്ക് ദർശനത്തിൽ കാലതാമസമുണ്ടായെന്നും ഇത്തരം പ്രവൃത്തികൾ അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
സോപാനത്തിന് മുന്നിൽ ഭക്തരുടെ ദർശനത്തിന് തടസമുണ്ടാകരുത്. കുട്ടികൾ, പ്രായമായവർ തുടങ്ങിയവർക്ക് പ്രത്യേക പരിഗണന നൽകണം. ഇക്കാര്യം പോലീസും ദേവസ്വം ബോർഡും ഉറപ്പാക്കണമെന്നും കോടതി ഇടക്കാല ഉത്തരവിട്ടു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കുട്ടികളടക്കം നിരവധി തീര്‍ഥാടകര്‍ കാത്തുനില്ക്കുമ്പോള് സിനിമാ താരത്തിന് കൂടുതല്‍ സമയം ദര്‍ശനത്തിന് അനുമതി നല്‍കിയത് എങ്ങനെയെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വെള്ളിയാഴ്ച ചോദിച്ചിരുന്നു.
ഇത്തരം കാര്യങ്ങള്‍ അനുവദനീയമല്ലെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടിവരുമെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീ കൃഷ്ണ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍, പോലീസ് സ്പെഷല്‍ ഓഫീസര്‍, സോപാനം സ്പെഷൽ ഓഫീസര്‍ എന്നിവരില്‍നിന്ന് കോടതി വിശദീകരണം തേടിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദേവസ്വം ബോര്‍ഡ് നടപടിയെടുക്കണം. സന്നിധാനത്തെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിച്ചത്.