‘മുഹമ്മദ് യൂനുസ് വംശഹത്യ നടത്തുന്നു; ന്യൂനപക്ഷങ്ങൾക്കെതിരേ അക്രമം വർധിക്കുന്നു': ആഞ്ഞടിച്ച് ഹസീന
Thursday, December 5, 2024 11:57 AM IST
ന്യൂയോർക്ക്: ബംഗ്ലാദേശ് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസിനെതിരേ കടുത്ത വിമർശനവുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. യൂനുസ് വംശഹത്യ നടത്തുകയാണെന്നും ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഹസീന ആരോപിച്ചു.
ന്യൂയോർക്കിൽ നടന്ന ഒരു പരിപാടിയിലായിരുന്നു ഹസീനയുടെ പരാമർശം. അധികാരത്തിൽ നിന്ന് പുറത്തായി രാജ്യംവിട്ടതിനു ശേഷം ആദ്യമായാണ് ഹസീന ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.
ഇന്ന് എനിക്കെതിരെ വംശഹത്യ ആരോപിക്കപ്പെടുന്നു. യഥാർഥത്തിൽ, യൂനുസ് ആണ് വംശഹത്യ നടത്തുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് അവർ അത് നടപ്പാക്കുന്നത്. വംശഹത്യയ്ക്ക് പിന്നിൽ വിദ്യാർഥി കോ-ഓർഡിനേറ്റർമാരും യൂനുസുമാണെന്നും അവർ കൂട്ടിച്ചേർത്തു.
പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനെപ്പോലെ തന്നെയും സഹോദരി ഷെയ്ഖ് രഹനയെയും വധിക്കാൻ മുഹമ്മദ് യൂനുസ് പദ്ധതിയിട്ടിരുന്നതായും ഹസീന ആരോപിച്ചു.
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ നിലവിലെ ഭരണം പരാജയമാണ്. ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ എന്നിവർക്ക് നേരെ അക്രമം വർധിക്കുന്നു. പതിനൊന്ന് പള്ളികൾ തകർക്കപ്പെട്ടു. ക്ഷേത്രങ്ങളും ബുദ്ധമത ആരാധനാലയങ്ങളും തകർത്തു. ഹിന്ദുക്കൾ പ്രതിഷേധിച്ചപ്പോൾ ഇസ്കോൺ സന്യാസിയെ അറസ്റ്റ് ചെയ്തു. എന്തിനുവേണ്ടിയാണ് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ഈ പീഡനം? എന്തിനാണ് അവരെ ക്രൂരമായി പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതെന്നും ഹസീന ചോദിച്ചു.
ഓഗസ്റ്റ് അഞ്ചിന് ധാക്കയിലെ തന്റെ ഔദ്യോഗിക വസതി പ്രക്ഷോഭകാരികൾ ആക്രമിച്ച സംഭവത്തെക്കുറിച്ചും ഷെയ്ഖ് ഹസീന വിവരിച്ചു. സായുധരായ പ്രതിഷേധക്കാർ ഗണഭവനിലേക്ക് ഇരച്ചെത്തി. സുരക്ഷാ ഗാർഡുകളോട് ജനത്തിനുനേർക്ക് വെടിവയ്ക്കരുതെന്നു താൻ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്തിരുന്നെങ്കിൽ നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുമായിരുന്നു. 25-30 മിനിറ്റിനുള്ളിൽ സ്ഥിതിഗതികൾ കൈവിട്ടുപോയി. ഇതോടെയാണ് താൻ രാജ്യം വിടാൻ നിർബന്ധിതയായതെന്നും അവർ കൂട്ടിച്ചേർത്തു.