ഭാര്യ വീട്ടിലെത്തിയ യുവാവ് തലയ്ക്കടിയേറ്റ മരിച്ച സംഭവം; മൂന്ന് പേർ കസ്റ്റഡിയിൽ
Thursday, December 5, 2024 3:04 AM IST
ആലപ്പുഴ: ആറാട്ടുപുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവ് മർദനമേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. സംഭവത്തിൽ ഭാര്യ ആതിര, ബന്ധുക്കളായ ബാബുരാജ്, പത്മൻ, പൊടിമോൻ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി. തലയ്ക്കുണ്ടായ ആന്തരിക ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
ആറാട്ടുപുഴ പെരുമ്പള്ളി സ്വദേശി വിഷ്ണു ആണ് മരിച്ചത്. ഭാര്യയുമായി ഒന്നരവർഷമായി പിണങ്ങി കഴിയുകയായിരുന്നു വിഷ്ണു. കഴിഞ്ഞ ദിവസം മകനെ ഭാര്യവീട്ടിൽ ഏൽപ്പിക്കാൻ എത്തിയപ്പോൾ യുവതിയുടെ ബന്ധുക്കളുമായി വാക്കുതർക്കമുണ്ടാവുകയായിരുന്നു. ഇതിന് പിന്നാലെ വിഷ്ണുവിന് ക്രൂരമർദനമേറ്റു.
ഹൃദ്രോഗിയായ വിഷ്ണുവിനെ കമ്പിവടികൊണ്ട് അടിച്ചെന്നാണ് ആരോപണം. അടിയേറ്റയുടൻ കുഴഞ്ഞുവീണ വിഷ്ണുവിനെ കായംകുളത്തെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.