ഡൽഹിയിൽ ദമ്പതികളും മകളും കൊല്ലപ്പെട്ട സംഭവം; മകൻ അറസ്റ്റിൽ
Thursday, December 5, 2024 12:05 AM IST
ന്യൂഡൽഹി: വിവാഹവാർഷിക ദിനത്തിൽ ദമ്പതികളെയും മകളെയും വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. സൗത്ത് ഡൽഹിയിലെ നേബ് സരായിയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. രാജേഷ് (53), ഭാര്യ കോമൾ (47), മകൾ കവിത (23) എന്നിവരാണ് മരിച്ചത്.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ദമ്പതികളുടെ മകൻ അർജുൻ(20) തന്നെയാണെന്ന് പോലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
സംഭവസമയം താൻ പ്രഭാത നടത്തത്തിന് പോയെന്നായിരുന്നു അർജുൻ പോലീസിന് ആദ്യം നൽകിയ മൊഴി. എന്നാൽ സിസിടിവി പരിശോധിച്ചപ്പോൾ പുറത്തുനിന്നാരും വീട്ടിൽ വന്നിട്ടില്ലെന്ന് പോലീസ് മനസിലാക്കി. കൂടാതെ വീട്ടിൽ നിന്നും യാതൊന്നും മോഷണം പോയിട്ടുമില്ലായിരുന്നു.
പിതാവിനോടുണ്ടായിരുന്ന വൈരാഗ്യവും മുഴുവൻ സ്വത്തുക്കളും പിതാവ് സഹോദരിക്ക് നൽകുമെന്ന് പറഞ്ഞതുമാണ് ഇയാളെ കൃത്യം നടത്താൻ പ്രേരിപ്പിച്ചത്. കൊല നടത്തിയതിന് ശേഷം പ്രഭാത നടത്തമെന്ന വ്യാജേന അർജുൻ പുറത്തേക്ക് പോയി. തുടർന്ന് വീട്ടിൽ തിരിച്ചെത്തിയതിന് ശേഷം അയൽവാസികളെയും ബന്ധുക്കളെയും വിളിച്ച് പിതാവിനെയും മാതാവിനെയും സഹോദരിയെയും ആരോ കൊലപ്പെടുത്തിയെന്ന് പറയുകയായിരുന്നു.