ശിശുക്ഷേമസമിതിയിൽ കുഞ്ഞുങ്ങളെ മുന്പും ചില ആയമാർ ഉപദ്രവിച്ചു; വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരി
Wednesday, December 4, 2024 9:26 PM IST
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങളെ മുന്പും ചില ആയമാർ ഉപദ്രവിക്കാറുണ്ടെന്ന് മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത മുൻ ജീവനക്കാരി ഒരു സ്വകാര്യ ചാനലിനോടാണ് വെളിപ്പെടുത്തൽ നടത്തിയത്. ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാർ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും അധികാരികളോട് പ്രശ്നം പറഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും ഇവർ പറയുന്നു.
ഇപ്പോൾ അറസ്റ്റിലായവർ മുൻപും കുഞ്ഞുങ്ങളെ ഉപദ്രവിച്ചിട്ടുണ്ടെന്നും മുൻ ജീവനക്കാരി പറഞ്ഞു. രണ്ടര വയസുകാരിയായ കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിൽ ഇന്നലെയാണ് ശിശുക്ഷേമ സമിതിയിലെ മൂന്ന് ആയമാർ അറസ്റ്റിലായത്.
കിടക്കയിൽ മൂത്രമൊഴിച്ചുവെന്ന കാരണത്താലാണ് കുഞ്ഞിനു നേരെ മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള ക്രൂരത നടത്തിയത്. കരിമഠം സ്വദേശി അജിത, കല്ലന്പലം സ്വദേശി സിന്ധു , ശ്രീകാര്യം സ്വദേശി മഹേശ്വരി എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരേ ജുവനൈൽ ജസ്റ്റീസ്, പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു.