വയനാടിനായി... പ്രിയങ്കയുടെ നേതൃത്വത്തിൽ കേരള എംപിമാർ അമിത് ഷായെ കണ്ടു
Wednesday, December 4, 2024 5:50 PM IST
ന്യൂഡല്‍ഹി: വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് കേരളത്തിൽനിന്നുള്ള എംപിമാര്‍ ഷായുമായി കൂടിക്കാഴ്ച നടത്തിയത്.
വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍ എടുത്ത നടപടികള്‍ അറിയിക്കാമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയതായി പ്രിയങ്ക പറഞ്ഞു.
ദുരിതബാധിതര്‍ക്ക് എല്ലാം നഷ്ടപ്പെട്ടുവെന്ന് പ്രിയങ്ക പറഞ്ഞു. വീട്ടിലെ മുഴുവന്‍ അംഗങ്ങളെ പോലും നഷ്ടമായവരുണ്ട്. അതില്‍ ചെറിയ കുട്ടികളുണ്ട്. അവര്‍ക്ക് മറ്റൊരു പിന്തുണയില്ല. കേന്ദ്രത്തിന് മുന്നിട്ടിറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍, അത് രാജ്യത്തിനാകെ, പ്രത്യേകിച്ച് ഇരകള്‍ക്ക് വളരെ മോശമായ സന്ദേശമാണ് നല്‍കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്നും ജനങ്ങളുടെ വേദനയും കഷ്ടപ്പാടുകളും മനസിലാക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. വളരെ ശ്രദ്ധയോടെയാണ് ആഭ്യന്തരമന്ത്രി അത് കേട്ടതെന്നും പ്രിയങ്ക പറഞ്ഞു.