വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ; 2219 കോടിയുടെ പാക്കേജ് പരിഗണനയിൽ എന്ന് കേന്ദ്രം
Wednesday, December 4, 2024 5:04 PM IST
ന്യൂഡൽഹി: വലിയ പ്രതിഷേധങ്ങൾക്ക് ഒടുവിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ കേന്ദ്ര സർക്കാർ അതീവ ഗുരുതര വിഭാഗത്തിൽപ്പെടുത്തി. കേരളം ആവശ്യപ്പെട്ട 2219 കോടി രൂപയുടെ പാക്കേജ് അന്തർ മന്ത്രാലയ സമിതി പരിശോധിക്കുന്നതായാണ് വിവരം.
മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് ആയിരിക്കും ഈ തുക നൽകണോ എന്ന് തീരുമാനിക്കുക എന്ന് കേന്ദ്രം വ്യക്തമാക്കി. കേരളത്തിന്റെ ദുരന്തനിവാരണ നിധിയിൽ 782 കോടി രൂപ ഉണ്ട് എന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൽക്കായി ഈ തുക വിനിയോഗിക്കാം എന്നും കേന്ദ്രം വ്യക്തമാക്കി.
153 കോടി രൂപ വ്യോമസേനയുടെ രക്ഷാ പ്രവർത്തനത്തിനും അവശിഷ്ടങ്ങൾ നീക്കുന്നതിനുമായി അനുവദിച്ചിട്ടുണ്ട്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ത റായ് പാർളമെന്റിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
മരിച്ച ആളുകളുടെ വിവരങ്ങൾ കേന്ദ്രത്തിന്റെ പക്കലില്ല. സംസ്ഥാന സർക്കാർ നൽകിയ വിവരമാണ് കേന്ദ്രത്തിന്റെ കൈവശമുള്ളത്. ഇതിൽ കാണാതായവരുടെയും മരിച്ചവരുടെയും എണ്ണം 359 ആണ്. 95 ആളുകൾക്ക് 40 ശതമാനത്തിലധികം വൈകല്ല്യം ബാധിച്ചിട്ടുണ്ട്. 379 പേർക്ക് പരിക്കേറ്റതായും ഈ വിവരത്തിൽ ഉള്ളതായി കേന്ദ്രം വ്യക്തമാക്കി.
വയനാട് പാക്കേജ് ആവശ്യവുമായി ഇന്ന് പ്രിയങ്ക ഗാന്ധി കേന്ദ്രമന്ത്രി അമിത് ഷായെ കണ്ടിരുന്നു. യുഡിഎഫ്, എൽഡിഎഫ് എംപിമാർ പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. 2221 കോടി രൂപയുടെ സഹായമാണ് സംഘം ആവശ്യപ്പെട്ടത്.
ഇതുമായി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാനത്തിന് നൽകിയ സഹായവും കേന്ദ്ര പരിഗണനയിലുള്ളതും നാളെ അറിയിക്കാമെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്.