സഗൗരവം പ്രദീപ്, ദൈവനാമത്തിൽ രാഹുൽ: സത്യപ്രതിജ്ഞ ചെയ്ത് പുതിയ എംഎൽഎമാര്‍
Wednesday, December 4, 2024 12:41 PM IST
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ടുനിന്ന് ജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കരയില്‍ നിന്നു ജയിച്ച സിപിഎമ്മിന്റെ യു.ആര്. പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
നിയമസഭയിലെ ആര്. ശങ്കരനാരായണന് തമ്പി ഹാളില്‍ ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്. നിയമസഭ സ്പീക്കര്‍ എ.എൻ. ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. യു.ആര്. പ്രദീപ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോൾ ദൈവനാമത്തിലായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞ. ചടങ്ങിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും അടക്കമുള്ള നേതാക്കള്‍ സാക്ഷിയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ രാഹുല്‍ മാങ്കൂട്ടത്തിൽ തന്റെ കന്നിയങ്കത്തിൽ പാലക്കാട്ടുനിന്ന് 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചാണ് നിയമസഭയിലെത്തുന്നത്. രാവിലെ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയെ സന്ദര്‍ശിച്ച ശേഷം കെപിസിസി ഓഫീസിലുമെത്തിയ ശേഷമാണ് രാഹുല്‍ നിയമസഭയിലെത്തിയത്.
അതേസമയം, രണ്ടാം തവണ നിയമസഭയിലെത്തുന്ന യു.ആര്. പ്രദീപ് ഇത്തവണ ചേലക്കരയില്‍ 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. രാവിലെ എകെജി സെന്ററില്‍ എത്തിയശേഷമാണ് പ്രദീപ് സത്യപ്രതിജ്ഞയ്ക്കായി നിയമസഭയിലെത്തിയത്.