"കുറുക്കുവഴിക്കാട്ടി ഗൂഗിൽ മാപ്പ്', ചെന്നെത്തിയത് കനാലിൽ
Wednesday, December 4, 2024 12:06 PM IST
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ ഗൂഗിൾ മാപ്പ് നോക്കി കുറുക്കുവഴിയിലൂടെ സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബറേലിയിൽ നിന്ന് പിലിഭിത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ഗൂഗിൽ മാപ്പ് നോക്കി യാത്ര ചെയ്യുന്നതിനിടെ വഴിമാറി പോയതോടെയാണ് മൂന്നംഗസംഘം വെള്ളമില്ലാത്ത കനാലിൽ വീണത്.
ഗൂഗിൾ മാപ്പിൽ കണ്ടപ്പോൾ അവർ ഒരു കുറുക്കുവഴി സ്വീകരിച്ചുവെന്ന് പോലീസ് സൂപ്രണ്ട് മനുഷ് പരീക് പറഞ്ഞു. അവർ നിർദ്ദേശങ്ങൾ പാലിച്ചുവെങ്കിലും അവരുടെ കാർ കനാലിലേക്ക് വീഴുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയിൽ രജിസ്റ്റർ ചെയ്ത കാർ ട്രാക്ടർ ഉപയോഗിച്ച് കനാലിൽ നിന്ന് പുറത്തെടുത്തതായും അധികൃതർ അറിയിച്ചു.