അനധികൃത സ്വത്തുസമ്പാദനം; എം.ആർ.അജിത് കുമാറിനെ ചോദ്യം ചെയ്ത് വിജിലൻസ്
Wednesday, December 4, 2024 9:07 AM IST
തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ എഡിജിപി എം.ആർ അജിത് കുമാറിനെ ആറ് മണിക്കൂറോളം ചോദ്യം ചെയ്ത് വിജിലൻസ്. ആഡംബര വീട് നിർമാണം, കള്ളക്കടത്ത് സ്വർണ തിരിമറി, മലപ്പുറം എസ്പിയുടെ വസതിയിലെ മരംമുറി അടക്കമുള്ള പരാതികളിലാണ് അന്വേഷണം.
തന്റെ വാദങ്ങൾ തെളിയിക്കാൻ ആവശ്യമായ രേഖകൾ എഡിജിപി വിജിലൻസിന് കൈമാറി. രണ്ടാഴ്ചയ്ക്കകം വിജിലൻസ് സംഘം ഡിജിപിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. പരാതിയിൽ കഴന്പുണ്ടെന്ന് കണ്ടെത്തിയാൽ അജിത്കുമാറിനെതിരേ കേസെടുത്ത് അന്വേഷണം നടത്തും.
ചില അഴിമതി ആരോപണങ്ങൾ ആദ്യം ഉന്നയിച്ച പി.വി.അൻവർ എംഎൽഎ പിന്നീട് പ്രത്യേക സംഘത്തിനു നൽകിയ മൊഴിയിലാണ് അജിത്കുമാറിനെതിരെ അനധികൃത സ്വത്തു സമ്പാദനവും ഉന്നയിച്ചത്. ഈ മൊഴി പരിശോധിച്ച ശേഷമാണ് അതിലെ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് ഡിജിപി സർക്കാരിന്റെ അനുമതി തേടിയത്.