രാഹുല്‍ മാങ്കൂട്ടത്തിലും യു.ആര്. പ്രദീപും നിയമസഭയിലേക്ക്: സത്യപ്രതിജ്ഞ ഇന്ന്
Wednesday, December 4, 2024 8:48 AM IST
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലും യു.ആര്. പ്രദീപും എംഎല്‍എമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12ന് നിയമസഭയിലെ ആര്. ശങ്കരനാരായണന് തമ്പി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ രാഹുല്‍ മാങ്കൂട്ടത്തിൽ പാലക്കാട്ടുനിന്ന് 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചാണ് നിയമസഭയിലെത്തുന്നത്. രാവിലെ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയെ സന്ദര്‍ശിച്ച ശേഷം കെപിസിസി ഓഫീസിലുമെത്തിയ ശേഷമാകും രാഹുല്‍ നിയമസഭയിലെത്തുക. സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി രാഹുലിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സ്വീകരണം നല്‍കും.
ചേലക്കരയില്‍ 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിപിഎം നേതാവ് യു.ആര്. പ്രദീപ് വിജയിച്ചത്. രാവിലെ എകെജി സെന്ററില്‍ എത്തിയശേഷമാകും പ്രദീപ് നിയമസഭയിലെത്തുക. വിവിധ രാഷ്ട്രീയ നേതാക്കന്മാരുടെയും നാട്ടുകാരുടെയും അനുഗ്രഹം വാങ്ങിയാണ് ചൊവ്വാഴ്ച അദ്ദേഹം തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചത്.