ദക്ഷിണ കൊറിയയിൽ പ്രഖ്യാപിച്ച പട്ടാള നിയമം പിൻവലിച്ച് പ്രസിഡന്റ്
Wednesday, December 4, 2024 5:45 AM IST
സിയോൾ: കടുത്ത പ്രതിഷേധത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച പട്ടാള നിയമം പിൻവലിച്ച് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സുക് യോൾ. കഴിഞ്ഞ ദിവസം രാത്രി പ്രഖ്യാപിച്ച പട്ടാള നിയമം ഇന്ന് പുലരും മുന്‍പെ പിൻവലിച്ചു.
പട്ടാള നിയമത്തിനെതിരെ പാർലമെന്റിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പട്ടാള നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങൾ പാർലമെന്റ് വളഞ്ഞിരുന്നു.
പ്രതിഷേധം കനത്തതോടെയാണ് കരിനിയമം പ്രസിഡന്റ് പിൻവലിച്ചത്. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റ് നിയന്ത്രിക്കുന്നുവെന്നും ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സർക്കാരിനെ സ്തംഭിപ്പിച്ചുവെന്നും ആരോപിച്ച് ചൊവ്വാഴ്ച അടിയന്തര ദേശീയ പ്രസംഗത്തിലായിരുന്നു പ്രസിഡന്റ് പട്ടാള നിയമം പ്രഖ്യാപിച്ചത്.
പ്രതിപക്ഷത്തെ കുറ്റവാളികളെന്ന് വിശേഷിപ്പിച്ച വൂണ്, രാജ്യത്തെ ലിബറല്‍ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ആരോപിച്ചിരുന്നു.