വളപട്ടണത്തെ കവർച്ച; പ്രതി വേറെ മോഷണം നടത്തിയിട്ടുണ്ടോ എന്നും അന്വേഷണം
Tuesday, December 3, 2024 8:18 PM IST
കണ്ണൂർ: വളപട്ടണം മന്നയിലെ അരിമൊത്തവ്യാപാരി കെ.പി. അഷറഫിന്റെ വീട്ടിൽനിന്നു പണവും സ്വർണവും കവർന്ന കേസിൽ അറസ്റ്റിലായ സി.പി.ലിജേഷ് വേറെ മോഷണം നടത്തിയിട്ടുണ്ടോ എന്നും അന്വേഷണം.
ലിജേഷ് ജില്ലയിൽ മറ്റെവിടെയെങ്കിലും മോഷണങ്ങൾ നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടാതെ അഷറഫിന്റെ വീട്ടിൽനിന്നു മോഷ്ടിച്ച പണവും സ്വർണവും വേറെ എവിടെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. എസിപി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള 19 അംഗ സംഘമാണ് ഒരാഴ്ചയ്ക്കുള്ളിൽ പ്രതിയെ പിടികൂടിയത്.
വെൽഡിംഗ് തൊഴിലാളിയായ ലിജേഷ് വീടിന്റെ കിടപ്പുമുറിയിലെ കട്ടിലിൽ പ്രത്യേക അറയുണ്ടാക്കിയായിരുന്നു മോഷ്ടിച്ച സ്വർണവും പണവും സൂക്ഷിച്ചിരുന്നത്. 1,21,43,000 രൂപയും 267 പവൻ സ്വർണവും പോലീസ് ഇവിടെനിന്നു പിടികൂടിയിട്ടുണ്ട്. 300 പവനും ഒരു കോടി രൂപയും കാണാതായെന്നായിരുന്നു അഷറഫിന്റെ മകൻ വളപട്ടണം പോലീസിൽ നൽകിയ പരാതി.
സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. നവംബർ 20ന് രാത്രി എട്ടിനാണ് ലിജേഷ് കവർച്ച നടത്താൻ അഷറഫിന്റെ വീടിനുള്ളിൽ കയറിയത്. 8.40 ഓടെ കവർച്ച നടത്തി തിരിച്ചിറങ്ങി. ഇതിനിടയിൽ ലോക്കർ തകർക്കാൻ ഉപയോഗിച്ച ഉളി അവിടെ വച്ച് ലിജേഷ് മറന്നിരുന്നു.
തുടർന്ന് 21ന് രാത്രിയിൽ ഇതേ സമയത്ത് വീണ്ടും അവിടെ കയറിയെങ്കിലും ഉളി കണ്ടത്താനായില്ല. എന്നാൽ ഉളി എടുക്കാൻ മാത്രമല്ല ബാക്കി മോഷണവസ്തുക്കൾ കൂടി എടുക്കാനാണ് പ്രതി കയറിയതെന്നും പോലീസ് സംശയിക്കുന്നു.
അഷറഫും കുടുംബവും മധുരയിലെ വിരുത്നഗറിൽ വിവാഹത്തിൽ പങ്കെടുക്കാൻ നവംബർ 19നു രാവിലെ വീട് പൂട്ടി പോയതായിരുന്നു. 24നു രാത്രി തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ ജനൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് ലോക്കറിൽ സൂക്ഷിച്ച പണവും സ്വർണവും കവർന്നതായി അറിയുന്നത്.