തീർഥാടകർക്ക് ആശ്വാസം; സന്നിധാനത്തെ ഡോളി സമരം പിൻവലിച്ചു
Tuesday, December 3, 2024 2:08 PM IST
പത്തനംതിട്ട: ശബരിമല തീർഥാടകരെ പ്രതിസന്ധിയിലാക്കിയ സന്നിധാനത്തെ ഡോളി സമരം പിൻവലിച്ചു. ശബരിമല എഡിഎം അരുൺ എസ്. നായരും ഡോളി തൊഴിലാളി പ്രതിനിധികളും പമ്പയിൽ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.
ഡോളി സർവീസിന് പ്രീപെയ്ഡ് സംവിധാനം ഒരുക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഡോളി തൊഴിലാളികൾ പണിമുടക്കിയത്. കൂടിയാലോചനകൾ നടത്താതെ പ്രീപെയ്ഡ് ഡോളി സർവീസ് നടപ്പാക്കില്ലെന്ന് അധികൃതർ ഉറപ്പ് നൽകിയെന്നും ഇതിനാലാണ് പണിമുടക്ക് പിൻവലിക്കുന്നതെന്നും തൊഴിലാളി പ്രതിനിധികൾ പറഞ്ഞു.
ശബരിമലയിൽ ആകെ 1,576 ഡോളി തൊഴിലാളികളാണുള്ളത്. രാവിലെ പമ്പയിലാണ് ഇവർ സമരം ആരംഭിച്ചത്. ഇതോടെ ഡോളി സർവീസിനെ ആശ്രയിച്ച് സന്നിധാനത്ത് എത്തിയ പ്രായമായവരും ഭിന്നശേഷിക്കാരും വലഞ്ഞു.
പമ്പ, നീലിമല, വലിയ നടപ്പന്തൽ എന്നിവിടങ്ങളിൽ പ്രീപെയ്ഡ് സംവിധാനം ഒരുക്കാനാണ് ദേവസ്വത്തിന്റെ നീക്കം. ഇവിടെ നേരിട്ടോ ഓൺലൈനായോ പണം അടയ്ക്കുന്നവർക്ക് സർവീസ് ലഭ്യമാകും.
80 കിലോ വരെ 4000 രൂപ, 100 കിലോ ഭാരത്തിന് 5000 രൂപ, 100 കിലോയ്ക്ക് മേലെ ഭാരത്തിന് 6000 രൂപ എന്നിങ്ങനെ നിരക്കേർപ്പെടുത്താനാണ് ആലോചന. പ്രീപെയ്ഡ് ആക്കുന്നതോടെ ഓരോ സർവീസിനും 250 രൂപ വീതം ദേവസ്വം അധികമായി ഈടാക്കും. ഡോളി സർവീസുകാർ എതിർപ്പ് പരസ്യമാക്കിയതോടെ അടിസ്ഥാന നിരക്കിൽ ഉൾപ്പെടെ ഇനി മാറ്റം വരുത്തും.