അറബിക്കടലിനു മുകളിൽ തീവ്ര ന്യൂനമർദം; വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
Tuesday, December 3, 2024 11:25 AM IST
തിരുവനന്തപുരം: വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യുനമർദ്ദം കർണാടക തീരത്തിനും മധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ ശക്തി കൂടിയ ന്യൂന മർദ്ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
പുതിയ മഴമുന്നറിയിപ്പ് പ്രകാരം അടുത്ത മണിക്കൂറിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, മണിമല നദിയിലെ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാൽ പത്തനംതിട്ട ജില്ലയിലെ മണിമല നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്കി.
കേന്ദ്ര ജലകമ്മീഷന്റെ പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷൻ (യെല്ലോ അലർട്ട്), സംസ്ഥാന ജലസേചന വകുപ്പിന്റെ വള്ളംകുളം സ്റ്റേഷൻ (ഓറഞ്ച് അലർട്ട്) എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടകരമായ നിരപ്പിലെത്തിയിരിക്കുന്ന സാഹചര്യത്തിൽ നദിക്കരയിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണമെന്നും മുന്നറിയിപ്പിൽ പറയുന്നു.