യാക്കോബായ-ഓര്‍ത്തഡോക്സ് പള്ളിത്തര്‍ക്കം; സുപ്രീംകോടതിയിൽ നിലപാടറിയിച്ച് സർക്കാർ
Tuesday, December 3, 2024 6:53 AM IST
ന്യൂഡൽഹി: യാക്കോബായ-ഓര്‍ത്തഡോക്സ് പള്ളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. പള്ളികള്‍ ബലംപ്രയോഗിച്ച് ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം. ബലപ്രയോഗത്തിലൂടെ പള്ളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്നത്തിന് കാരണമാകുമെന്നും സംസ്ഥാന ആഭ്യന്തര സെക്രട്ടറി വിശ്വനാഥ് സിന്‍ഹ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
2017ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ തന്നെ നിരവധി പള്ളികള്‍ ഏറ്റെടുത്ത് കൈമാറിക്കഴിഞ്ഞു. എന്നാല്‍ ഇനി ഏറ്റെടുക്കാനുളളവ യാക്കോബായ വിഭാഗത്തിന് ഭൂരിപക്ഷമുളള പള്ളികളാണ്.
ഇവിടെ പോലീസ് നടപടിയുണ്ടായാല്‍ അക്രമസംഭവങ്ങള്‍ക്ക് കാരണമാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുളളതായും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ചര്‍ച്ചകളിലൂടെ ശാശ്വത പരിഹാരത്തിനായി ആറ് മാസത്തെ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഹര്‍ജി നാളെ ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
ഓർത്തഡോക്സ് - യാക്കോബായ പള്ളിത്തർക്കത്തില്‍ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി രംഗത്തുവന്നിരുന്നു. ആറ് പള്ളികള്‍ ഏറ്റെടുക്കാനുള്ള ഉത്തരവ് നടപ്പാക്കാൻ ഉദ്യോഗസ്ഥർ ഒന്നും ചെയ്തില്ലെന്ന് കോടതി പറഞ്ഞു.
മറുപടി നല്കാൻ ഉദ്യോഗസ്ഥർക്ക് മതിയായ സമയം നല്‍കിയെന്ന് പറഞ്ഞ കോടതി ഉത്തരവ് നടപ്പാക്കാൻ നിരന്തരം സാവകാശം നല്‍കാനാവില്ലെന്നും വിമർശനമുന്നയിച്ചു.ഉത്തരവ് വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തുന്നതില്‍ സിംഗിള്‍ ബെഞ്ച് നടപടി തുടങ്ങി.
കോടതിയലക്ഷ്യക്കുറ്റം ചുമത്താതിരിക്കാൻ മറുപടിയുണ്ടെങ്കില്‍ ഉദ്യോഗസ്ഥർ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.