നാളെയോടെ മഴ കുറയും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Tuesday, December 3, 2024 6:05 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായി തുടരുന്ന മഴയ്ക്ക് നാളയോടെ താത്കാലിക ശമനമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
അതേസമയം, ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമർദമായി മാറിയെങ്കിലും ഇതിന്റെ സ്വാധീനത്താലുള്ള മഴ ഇന്നുകൂടി തുടരും.
ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ ഉൾപ്പെടുന്ന വടക്കൻ കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇതു കണക്കിലെടുത്ത് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്ത മഴയെത്തുടർന്ന് ആലപ്പുഴ, തൃശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കുന്നംകുളത്ത് ഇന്നാരംഭിക്കുന്ന തൃശൂർ റവന്യു ജില്ലാ കലോത്സവത്തെ അവധി ബാധിക്കില്ല.