നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് കാർ ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം
Tuesday, December 3, 2024 3:57 AM IST
ഗുരുഗ്രാം: റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ കാർ ഇടിച്ചു കയറി യുവാവ് മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ഗുരുഗ്രാമിലെ സെക്ടർ 53ലെ ഗോൾഫ് കോഴ്സ് റോഡിലാണ് അപകടം.
29കാരനാണ് മരിച്ചത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ഫോർച്യൂണർ കാറിലേക്ക് അമിത വേഗതയിലെത്തിയ ബലേനോ കാർ ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം.
അപകടത്തിൽ ബലേനോയിലുണ്ടായിരുന്ന നാല് യാത്രക്കാർക്കും ഗുരുതരമായി പരിക്കേറ്റു. അവരെ ഉടൻ തന്നെ പോലീസ് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിലെത്തിയപ്പോഴേക്കും ഒരാൾ മരിച്ചു.
ഡൽഹി നിവാസിയായ റിഷഭ് കൗശിക് എന്നയാളാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. സുഹൃത്തുക്കളുമൊത്ത് ക്രിക്കറ്റ് കളിച്ചതിന് ശേഷം ഡൽഹിയിലേക്ക് പോവുകയായിരുന്നു കൗശിക്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് കൈമാറിയതായി സെക്ടർ 53 പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സുഖ്ബീർ സിംഗ് പറഞ്ഞു.