കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി; അഞ്ച് മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം
Monday, December 2, 2024 10:15 PM IST
ആലപ്പുഴ: കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. തിങ്കളാഴ്ച രാത്രി ആലപ്പുഴ കളർകോടുവച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വണ്ടാനം മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാര്‍ഥികളായ ശ്രീദീപ് (പാലക്കാട്), മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്), ദേവാനന്ദ്, മുഹമ്മദ് ജബ്ബാർ (കണ്ണൂർ), ആയുഷ് ഷാജി (ആലപ്പുഴ) എന്നിവരാണ് മരിച്ചത്. എറണാകുളത്തുനിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആലപ്പുഴയിലേക്ക് പോയ ടവേര കാറുമാണ് കൂട്ടിയിടിച്ചത്.
അപകടസമയത്ത് കാറിൽ പന്ത്രണ്ടു പേരാണ് ഉണ്ടായിരുന്നത്. കാർ പൂർണമായും തകർന്നു. മുൻ സീറ്റിൽ ഇരുന്ന രണ്ടുപേരും പിൻ സീറ്റിലിരുന്ന മൂന്നുപേരുമാണ് മരിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. കെഎസ്ആര്‍ടിസി ബസിന്റെ മുന്‍സീറ്റിലിരുന്ന യാത്രക്കാർക്കും പരിക്കേറ്റു.
കനത്ത മഴയിൽ കാർ ഡ്രൈവറുടെ കാഴ്ച മങ്ങിയതാകാം അപകട കാരണമെന്ന് സംശയിക്കുന്നതായി മോട്ടർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.