മാധ്യമങ്ങള്‍ക്കെതിരെ അധിക്ഷേപം; കെ.സുരേന്ദ്രന്റേത് ആസൂത്രിത നീക്കം
Monday, December 2, 2024 9:10 PM IST
കോഴിക്കോട്: മാധ്യമങ്ങള്‍ക്കെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ തുടര്‍ച്ചയായുള്ള അധിക്ഷേപങ്ങള്‍ ആസൂത്രിതമെന്ന് പാര്‍ട്ടി വൃത്തങ്ങൾ. പാലക്കാട് തെരഞ്ഞെടുപ്പിലെ തോല്‍വിക്കുശേഷം പുറത്തുവന്ന വാര്‍ത്തകള്‍ തന്നെ ലക്ഷ്യം വച്ചുള്ളതാണെന്നും ഇത്തരം വാര്‍ത്തകള്‍ പുറത്തുപോകുന്നതില്‍ പാര്‍ട്ടിയിലെ മറുവിഭാഗം പ്രവര്ത്തിക്കുന്നതുമായാണ് കെ.സുരേന്ദ്രന് കരുതുന്നത്.
പാലക്കാട് തോല്‍വിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തിരിച്ചടിയുണ്ടാക്കുന്നുവെന്നാണ് സുരേന്ദ്രന് അനുകൂലികള്‍ പറയുന്നത്. ഇത്തരം വാര്‍ത്തകള്‍ പാര്‍ട്ടിക്കുള്ളിലെ ആരോഗ്യകരമായ ചര്‍ച്ചയ്ക്ക് തടസമാകുന്നുവെന്നും അതിനാല്‍ ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നത് തടയുക എന്നതുമാണ് ലക്ഷ്യം.
പ്രത്യക്ഷത്തില്‍ മാധ്യമങ്ങള്‍ക്കെതിരായാണ് പറയുന്നതെങ്കിലും വാര്‍ത്തകള്‍ ചോര്‍ത്തി നല്കുന്ന പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ളവര്ക്കുള്ള മുന്നറിയിപ്പാണ് സുരേന്ദ്രന് തുടര്‍ച്ചയായി നല്‍കുന്നതെന്നാണ് വിവരം. മുന്‍കാലങ്ങളില്‍ ബിജെപി വക്താവായി ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടെ എത്തിയിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ എത്തിയതോടെ ഇദ്ദേഹത്തോട് ആഭിമുഖ്യമുള്ളവര്‍ പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ചകളും വിവരങ്ങളും ചോര്‍ത്തി നല്‍കുന്നുവെന്നാണ് നേതൃത്വം കരുതുന്നത്.
ഇത് ഒഴിവാക്കിയാല്‍ പൊതുജന മധ്യത്തില്‍ പാര്‍ട്ടിയോടുണ്ടായ അവമതിപ്പ് വലിയ രീതിയില്‍ ഒഴിവാക്കാന്‍ കഴിയുമെന്നാണ് നേതൃത്വം കരുതുന്നത്. കള്ളവാര്‍ത്തകള്‍ നല്കുന്ന മാധ്യമസ്ഥാപനങ്ങളില്‍ നേരിട്ടെത്തി കൈകാര്യം ചെയ്യുമെന്നാണ് സുരേന്ദ്രന് പറഞ്ഞത്.
നിങ്ങളെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത്. ഇനിയുള്ള ദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ ഓഫീസിലേക്ക് ഞങ്ങള്‍ നേരെ വരും. കള്ളവാര്‍ത്തകള്‍ കൊടുത്താല്‍ ഓഫീസിലെത്തി ചോദിക്കും. അതിനുള്ള അവകാശമുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ മര്യാദയ്ക്ക് നടക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ വലിയ വിനാശമുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്.