പാലക്കാട്ടെ പെട്ടിക്കഥ പൊട്ടി; തെളിവില്ലെന്ന് സ്പെഷൽ ബ്രാഞ്ച്
Monday, December 2, 2024 5:28 PM IST
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് സമയത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ട്രോളി ബാഗ് കേസിൽ തെളിവില്ലെന്ന് പോലീസ്. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ സഹായി കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിലേക്ക് പണം എത്തിച്ചെന്ന് ആരോപിച്ച് സിപിഎമ്മും ബിജെപിയുമാണ് രംഗത്ത് എത്തിയത്.
ഇതു സംബന്ധിച്ച് സ്പെഷല്‍ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പാലക്കാട് എസ്പിക്ക് കൈമാറി. തുടര്‍ നടപടി ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രോളി ബാഗില്‍ കള്ളപ്പണം എത്തിച്ചുവെന്ന സിപിഎം നേതാക്കളുടെ പരാതിയില്‍ കെപിഎം ഹോട്ടലിൽ നവംബര്‍ ആറിന് പോലീസ് പരിശോധന നടത്തിയിരുന്നു.
വനിതാ പോലീസ് ഇല്ലാതെ ഷാനിമോള്‍ ഉസ്മാന്റെയും ബിന്ദു കൃഷ്ണയുടെയും റൂമിൽ രാത്രിയിൽ പരിശോധനയ്ക്ക് പോലീസ് എത്തിയത് വിവാദമായിരുന്നു. ഹാര്‍ഡ് ഡിസ്ക്ക് ഉള്‍പ്പെടെ അന്വേഷണസംഘം പിടിച്ചെടുക്കുകയും ഹോട്ടലിലെ 22 സിസിടിവികളും പരിശോധിക്കുകയും ചെയ്തിരുന്നു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് ട്രോളി ബാഗുമായി ഹോട്ടലില്‍ എത്തുന്ന ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടിരുന്നു. ഇതില്‍ കള്ളപ്പണമാണ് എന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. എന്നാല്‍ ബാഗില്‍ തന്റെ വസ്ത്രങ്ങളാണെന്ന മറുപടിയുമായി രാഹുലും രംഗത്തെത്തിയിരുന്നു.