പെരുമഴ: ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
Monday, December 2, 2024 1:41 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കുറഞ്ഞ സമയംകൊണ്ട് വലിയ മഴയുണ്ടാകുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു.
മണ്ണിടിച്ചിൽ, വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകൾ ക്യാമ്പുകളിലേക്ക് മാറി താമസിക്കണം. അതിതീവ്രമഴയെത്തുടര്‍ന്ന് മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം. അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
എറണാകുളം, തൃശൂർ ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഫിൻജാൽ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ വ്യാപകമായി മഴ തുടരുന്നത്.
കോട്ടയത്ത് മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയർന്നു. ഏറ്റുമാനൂർ ടൗണിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വൈക്കം റോഡ്, പോസ്റ്റ് ഓഫിസ് ജംഗ്ഷൻ തുടങ്ങി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലെല്ലാം വെള്ളം കയറി.
എറണാകുളത്ത് ഖനന പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയം ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ രാത്രി യാത്ര ജില്ലാ ഭരണകൂടം നിരോധിച്ചു. കോട്ടയത്ത് വിനോദ സഞ്ചാര മേഖലകളിൽ വിലക്ക് ഏർപ്പെടുത്തി.
തീരപ്രദേശത്ത് കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്. കേരള, കർണാടക, തമിഴ്നാട് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.