പെരിയാർറിനെയും കനിമൊഴിയെയും അധിക്ഷേപിച്ച എച്ച്. രാജയ്ക്ക് ആറ് മാസം തടവ്
Monday, December 2, 2024 1:38 PM IST
ചെന്നൈ: പെരിയാറിനും കനിമൊഴി കരുണാനിധിക്കുമെതിരെ നടത്തിയ അപകീർത്തികരമായ പ്രസംഗത്തിൽ ബിജെപിയുടെ എച്ച്. രാജയ്ക്ക് ആറ് മാസം തടവ്. ചെന്നൈയിലെ എംഎൽഎമാർ/എംപിമാർക്കെതിരായ കേസുകളുടെ വിചാരണയ്ക്കുള്ള പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
അപ്പീൽ നൽകാൻ കക്ഷിയെ അനുവദിക്കണമെന്ന് രാജയുടെ അഭിഭാഷകൻ നൽകിയ അപേക്ഷയിൽ പ്രത്യേക ജഡ്ജി ജി. ജയവേൽ ശിക്ഷ 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. 2018ൽ രാജ നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉത്തരവുകൾ പാസാക്കിയത്.
കേസ് റദ്ദാക്കാൻ ഹൈക്കോടതി മുന്പ് വിസമ്മതിക്കുകയും മൂന്ന് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ പ്രത്യേക കോടതിയോട് നിർദ്ദേശിക്കുകയും ചെയ്തു.
കനിമൊഴി അവിഹിത സന്തതിയെന്ന എച്ച്.രാജയുടെ പരാമർശമാണ് കേസിന് ആസ്പദമായത്. നിരീശ്വരവാദികളുടെ നേതാവിന്റെ പ്രതിമകൾ തകർക്കണമെന്നും പെരിയാറിനെ ജാതിമതഭ്രാന്തനെന്നും അഭിസംബോധന ചെയ്യണമെന്നും പെരിയാർ എന്നറിയപ്പെടുന്ന ഇ.വി. രാമസാമിക്കെതിരെ രാജ ട്വീറ്റ് ചെയ്തതിരുന്നു. ഇതിനെതിരെയും കേസെടുത്തിരുന്നു.