ജോസ് കെ. മാണിയുമായി ചർച്ച നടത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് വി.ഡി. സതീശൻ
Monday, December 2, 2024 12:26 PM IST
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മുമായി ഒരു തരത്തിലുമുള്ള ചർച്ച നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചർച്ച നടന്നുവെന്ന വാർത്ത തെറ്റാണ്. ഇക്കാര്യത്തിൽ ജോസ് പറഞ്ഞതാണ് ശരിയെന്നും സതീശൻ പറഞ്ഞു.
കേരള കോണ്‍ഗ്രസ്-എം എൽഡിഎഫിൽനിൽക്കുന്ന ഒരു പാർട്ടിയാണ്. ജോസിന്റെ വിശ്വാസ്യതയെ എന്തിനാണ് ചോദ്യം ചെയ്യുന്നത്. അപ്പുറത്ത് നിൽക്കുന്ന ഒരാളുടെ വിശ്വാസ്യത തകർക്കുന്ന രീതിയിലുള്ള ഒരു പ്രചാരണവും തങ്ങൾ നടത്തുകയില്ല.
ജോസ് കെ. മാണിയുമായി ചർച്ച നടത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പാർട്ടിയിൽ ഉൾപ്പെട്ടവരുടെ പിന്നാലെ നടന്ന് അവരെ യുഡിഎഫിലേക്കോ കോണ്‍ഗ്രസിലേക്കോ എത്തിക്കാൻ ശ്രമിക്കില്ലെന്നും സതീശൻ പറഞ്ഞു
സിപിഎമ്മിൽ നടക്കുന്ന കാര്യങ്ങൾ ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയിൽ തങ്ങൾ ഗൗരവമായി നിരീക്ഷിക്കുന്നുണ്ട്. സിപിഎമ്മിൽ ജീർണത ബാധിച്ചിരിക്കുകയാണ്. സിപിഎമ്മിൽ തകർച്ചയാണ് സംഭവിക്കുന്നത്.
സിപിഎമ്മിൽ ഇപ്പോൾ നടക്കുന്നത് ആഭ്യന്തരപ്രശ്നമാണ്. അതിൽ പ്രതികരിക്കുന്നത് അനൗചിത്യമാണ്. സിപിഎമ്മിലെ അണികൾ സംതൃപ്തരല്ല. അവർ തങ്ങൾക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
കെ.സി. വേണുഗോപാലും ജി. സുധാകരനും തമ്മിലുള്ള കൂടിക്കാഴ്ച വ്യക്തിപരമായിരുന്നുവെന്ന് അവർ തന്നെ പറഞ്ഞിരുന്നു. താൻ വിമർശിക്കാത്ത ഒരാളാണ് സുധാകരൻ. മന്ത്രിയായിരുന്നപ്പോൾ നീതി പൂർവമായാണ് സുധാകരൻ പെരുമാറിയതെന്നും സതീശൻ കൂട്ടിച്ചേർത്തു.