മധ്യപ്രദേശിൽ ആംബുലൻസ് മറിഞ്ഞ് നാലുപേർ മരിച്ചു
Monday, December 2, 2024 12:20 AM IST
ഭോപ്പാൽ: മധ്യപ്രദേശിലെ സിയോനി ജില്ലയിൽ ആംബുലൻസ് മറിഞ്ഞ് നാലുപേർ മരിച്ചു. അഞ്ച് പേർക്ക് പരിക്ക്.
ധൂമ പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ജബൽപൂർ-നാഗ്പൂർ ഹൈവേയിൽ ആണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശിലെ കുർണൂലിൽ നിന്ന് പരിക്കേറ്റ അനീഷ് ഷാ (18) എന്നയാളെ ബീഹാറിലെ വെസ്റ്റ് ചമ്പാരനിലുള്ള സ്വദേശത്തേക്ക് കൊണ്ടുപോകുകയായിരുന്നു ആംബുലൻസ്.
വാഹനത്തിൽ രണ്ട് ഡ്രൈവർമാരും രോഗിയുടെ ആറ് ബന്ധുക്കളുമുണ്ടായിരുന്നു. കാൽനടയാത്രക്കാരനായ രംഗ്ലാൽ കുലസ്തയെ ഇടിച്ചിട്ട ആംബുലൻസ് നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു.
പ്രതിമ ഷാ (35), പ്രിൻസ് ഷാ (നാല്), മുകേഷ് ഷാ (36), സുനിൽ ഷാ (40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഞ്ച് പേരെ ജബൽപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.