ഫിൻജാൽ അതിതീവ്ര ന്യൂനമർദ്ദമായി; മഴ തുടരുന്നു, ചെന്നൈ വിമാനത്താവളം തുറന്നു
Sunday, December 1, 2024 6:27 AM IST
ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി മാറി. ഇന്നലെ രാത്രി 11.30 ഓടെ ഫിൻജാൽ പൂർണമായി കരയിൽ പ്രവേശിച്ചു. നിലവിൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. ആറ് ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് ആണ്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും 10 ജില്ലകളിൽ യെല്ലോ അലർട്ടും ആണ്.
ചെന്നൈയില വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മൂന്നു പേർ മഴക്കെടുതിയിൽ മരിച്ചതായാണ് വിവരം.
അതേസമയം പ്രതികൂല കാലാവസ്ഥയെ തുടർന്ന് അടച്ച ചെന്നൈ വിമാനത്താവളം തുറന്നു. മഴയെ തുടർന്ന് ഇന്നലെ ചെന്നൈയിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന നിരവധി വിമാന സർവീസുകളാണ് റദ്ദാക്കിയത്.