നിയമം പാലിച്ച് മുന്നോട്ടുപോകും; ഓരോ ആക്രമണവും കൂടുതൽ ശക്തിപ്പെടുത്തുന്നു: അദാനി
Saturday, November 30, 2024 10:57 PM IST
ന്യൂഡൽഹി: വിവാദങ്ങൾക്ക് മറുപടിയുമായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. സൗരോര്‍ജ കരാറിന് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ അദാനി ഗ്രൂപ്പിനെതിരെ യുഎസിൽ അഴിമതിക്കുറ്റം ചുമത്തിയതില്‍ പ്രതികരണവുമായിട്ടാണ് ഗൗതം അദാനി രംഗത്ത് എത്തിയത്.
ആദ്യമായിട്ടല്ല ഇത്തരം വെല്ലുവിളികളെന്നും നിയമം പാലിച്ച് തന്നെ മുന്നോട്ടുപോകുമെന്നും ഗൗതം അദാനി വ്യക്തമാക്കി. ഓരോ ആക്രമണവും അദാനി ഗ്രൂപ്പിനെ കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്യുന്നതെന്നും ജയ്പൂരിൽ നടന്ന ജെംസ് ആൻഡ് ജ്വല്ലറി അവാർഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് അദാനി ഗ്രീന്‍ എനര്‍ജിക്കെതിരെയുള്ള പ്രധാന ആരോപണം. ഇതിന്റെ പേരില്‍ യുഎസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമാണ് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ കുറ്റാരോപണം.
ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവന് സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്സിക്യൂട്ടീവുകള്‍, അസുര് പവര്‍ ഗ്ലോബല്‍ ലിമിറ്റഡ് എക്സിക്യൂട്ടീവ് സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും വഞ്ചനയ്ക്കുമാണ് കുറ്റം ചുമത്തിയിട്ടുള്ളത്.