ഫെന്‍ഗല്‍ കരതൊട്ടു; ചെന്നൈ വിമാനത്താവളം അടച്ചു
Saturday, November 30, 2024 9:32 PM IST
ചെന്നൈ: ഫെന്‍ഗല്‍ ചുഴലിക്കാറ്റ് കരതൊട്ടതോടെ തമിഴ്നാട്ടിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ പുതുച്ചേരിക്കടുത്ത് കരതൊട്ട ചുഴലിക്കാറ്റിന് മണിക്കൂറില്‍ 90 കിലോ മീറ്റർ വേഗതയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.
മഴയെ തുടർന്ന് ഞായറാഴ്ച പുലർച്ചെ നാലു വരെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. നൂറിലേറെ വിമാനസർവീസുകൾ റദ്ദാക്കിയതിനൊപ്പം 19 സർവീസുകൾ വഴിതിരിച്ചുവിട്ടു. കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.
ചെന്നൈയിൽ റോഡ്, ട്രെയിൻ ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. മണ്ണിടിച്ചലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനകള്‍ സജ്ജമാണെന്ന് അധികൃതർ പറഞ്ഞു.