ഫെന്‍ഗല്‍ ചുഴലിക്കാറ്റ്: ചെന്നൈയിൽ കനത്ത മഴ, വിമാനങ്ങൾ റദ്ദാക്കി
Saturday, November 30, 2024 12:24 PM IST
ചെന്നൈ: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു രൂപം കൊണ്ട ഫെന്‍ഗല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടാനിരിക്കെ ചെന്നൈയിൽ മഴ കനക്കുന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിൽ നിന്ന് പുറപ്പെടെണ്ട 16 വിമാനങ്ങൾ റദ്ദാക്കി.
ചെന്നൈയിലേക്കും ചെന്നൈയിൽ നിന്നുമുള്ള വിമാന സർവീസുകൾ ഇൻഡിഗോയും നിർത്തിവച്ചു. ആളുകൾ കാറുകൾ ഫ്ലൈഓവറുകളിൽ പാർക്ക് ചെയ്തതോടെ ഗതാഗതവും തടസപ്പെട്ടു.
ഫെന്‍ഗല്‍ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്കു ശേഷം കാരൈയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്കു സമീപം മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.
ചുഴിക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് തമിഴ്നാട്ടിലെങ്ങും ജാഗ്രതയാണ്. ചെന്നൈയ്ക്കു പുറമേ തിരുവള്ളൂര്‍, ചെങ്കല്‍പട്ട്, കാഞ്ചീപുരം, വില്ലുപുരം, കള്ളാക്കുറിച്ചി, കടലൂര്‍ ജില്ലകള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴ മുന്നറിയിപ്പുണ്ട്.
കൂടാതെ, റാണിപ്പേട്ട്, തിരുവണ്ണാമലൈ, വെല്ലൂര്‍, പേരാമ്പ്ര, അരിയല്ലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, മയിലാടുതുറൈ, നാഗപട്ടണം ജില്ലകളിലും കാരയ്ക്കല്‍ മേഖലയിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.