കരുനാഗപ്പള്ളിയിലെ സിപിഎം പ്രവർത്തകരുടെ തമ്മിലടി; എം.വി.ഗോവിന്ദൻ ശനിയാഴ്ച ജില്ലയിൽ
Friday, November 29, 2024 10:41 PM IST
കൊല്ലം: കരുനാഗപ്പള്ളിയിലെ സിപിഎം തമ്മിലടിയിൽ സംസ്ഥാന നേതൃത്വം ഇടപെടുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നാളെ ജില്ലയിലെത്തും. തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ചേരും.
കരുനാഗപ്പള്ളിയിൽ കുലശേഖരപുരം ലോക്കൽ സമ്മളനത്തിലുണ്ടായ സംഘര്‍ഷത്തിൽ കര്‍ശന നടപടി ഉണ്ടാകുമെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം ലോക്കൽ സമ്മേളനങ്ങളും തർക്കത്തെ തുടർന്ന് അലങ്കോലപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പിലേക്ക് പോയതോടെ കഴിഞ്ഞ ദിവസം നടന്ന കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനം കൈയാങ്കളി വരെയെത്തി. ഒരു വിഭാഗം പ്രവർത്തകർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാൽ, കെ.സോമപ്രസാദ് എന്നിവരെ തടഞ്ഞുവച്ചിരുന്നു.
സമ്മേളനത്തിൽ ഔദ്യോഗിക പാനൽ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം പി.ആർ. വസന്തൻ നേതൃത്വം നൽകുന്ന മാഫിയ കരുനാഗപ്പള്ളിയിലെ പാർട്ടിയെ തകർത്തെന്ന് വിമത വിഭാഗം ആരോപിക്കുന്നു.
ജില്ലയിലെത്തുന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിമത വിഭാഗവുമായി ചർച്ചനടത്തുമെന്നും സൂചനയുണ്ട്.