ഷിൻഡെ കളി തുടങ്ങി; സർക്കാർ രൂപീകരണ ചർച്ച റദ്ദാക്കി
Friday, November 29, 2024 5:49 PM IST
മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണത്തിനായി ചേരാനിരുന്ന മഹായുതി സഖ്യത്തിന്റെ യോഗം റദ്ദാക്കി. കാവല്‍ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിന്‍ഡെ അപ്രതീക്ഷിതമായി നാട്ടിലേക്ക് പോയതോടെയാണ് ഇന്നത്തെ ചര്‍ച്ച റദ്ദാക്കിയത്.
സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അന്തിമരൂപം നല്കാന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി മഹായുതി നേതാക്കള്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ചര്‍ച്ച പൂര്‍ത്തിയാക്കി മുംബൈയിൽ എത്തിയ നേതാക്കൾ മറ്റ് ചര്‍ച്ചകള്‍ സംസ്ഥാനത്ത് തന്നെ നടത്താനാണ് തീരുമാനിച്ചിരുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസ്, ശിവസേന അധ്യക്ഷന്‍ ഏക്നാഥ് ഷിൻഡെ, എന്‍സിപി അധ്യക്ഷന്‍ അജിത് പവാര്‍ എന്നിവര്‍ അമിത് ഷായുടെ വസതിയില്‍ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. എന്നാൽ ഷിൻഡെയുടെ അപ്രതീക്ഷിത നീക്കത്തിൽ അമ്പരന്നിരിക്കുകയാണ് ബിജെപി നേതൃത്വം.
രണ്ട് ഉപമുഖ്യമന്ത്രി എന്ന ഫോർമുല ഇത്തവണയും തുടരാനാണ് ധാരണ. ആഭ്യന്തര വകുപ്പ് ബിജെപിക്കും അജിത് പവാറിന്റെ എൻസിപിക്ക് ധനകാര്യം നിലനിർത്താനും ധാരണയിൽ എത്തിയിരുന്നു. മുഖ്യമന്ത്രിസ്ഥാനം വഹിച്ച താന്‍ ഉപമുഖ്യമന്ത്രിയാകാനില്ലെന്ന നിലപാടിലായിരുന്നു ഷിൻഡെ.
288 അംഗ സഭയിൽ ബിജെപി 132 സീറ്റിലും ഷിൻഡെയുടെ ശിവസേന 57 സീറ്റിലും അജിത് പവാറിന്റെ എൻസിപി 41 സീറ്റുകളും നേടിയിരുന്നു.