ഗുരുവായൂർ റെയില്‍വെ സ്റ്റേഷനിലും വീടുകളിലും മോഷണം നടത്തിയ മോഷ്ടാവ് അറസ്റ്റിൽ
Friday, November 29, 2024 6:32 AM IST
തൃശൂർ: ഗുരുവായൂർ റെയില്‍വെ സ്റ്റേഷനിലും വീടുകളിലും മോഷണം നടത്തിയ മോഷ്ടാവ് അറസ്റ്റിൽ. മലപ്പുറം താനൂര്‍ സ്വദേശി പ്രദീപാണ് അറസ്റ്റിലായത്. ഗുരുവായൂർ ടെംപിൽ പോലീസാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.
കോഴിക്കോട് രാമനാട്ടുകരയിലെ ഒളിസങ്കേതത്തില്‍നിന്നാണ് പ്രദീപിനെ പിടികൂടിയത്. പുലര്‍കാല സമയങ്ങളില്‍ മോഷണം നടത്തുന്നതായിരുന്നു പ്രതിയുടെ രീതി.
ഇക്കഴിഞ്ഞ സെപ്തംബർ 13ന്, ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊല്ലം ഓച്ചിറ സ്വദേശിനി 63വയസ്സുള്ള രത്നമ്മയുടെ രണ്ടര പവന് വരുന്ന മാല, റെയില്‍വെ സ്റ്റേഷനില്‍ വെച്ച് പൊട്ടിച്ചെടുത്താണ് പ്രതി ഗുരുവായൂരിലെ മോഷണ പരമ്പരയ്ക്ക് തുടക്കമിട്ടത്.
ഈ മാല മോഷണത്തിന് ശേഷം അപ്പോൾ തന്നെ, റെയില്‍വേ സ്റ്റേഷന് കിഴക്ക് വശമുള്ള വീട്ടിന്റെ അടുക്കള ഭാഗത്തുകൂടി കയറി തിരുവെങ്കിടം ഉഷയുടെ രണ്ടുപവനോളം വരുന്ന മാലയും പൊട്ടിച്ചോടി.
തുടര്‍ന്ന് പുലര്‍ച്ചെ 5 മണിയോടെ റെയില്‍വെ സ്റ്റേഷനില്‍ തിരിച്ചെത്തിയ പ്രതി, ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടക്ക യാത്രയ്ക്കെത്തിയ കൊല്ലം സ്വദേശിനി 62 വയസ്സുള്ള സീതാലക്ഷ്മിയുടെ ഒന്നേമുക്കാല്‍ പവന് തൂക്കമുള്ള ലോക്കറ്റുള്‍പ്പടേയുള്ള മലയും പൊട്ടിച്ച് കടന്നുകളഞ്ഞു.
പ്രദീപ് തിരുവെങ്കിടത്തുനിന്നും മോഷ്ടിച്ചെടുത്ത മോട്ടര്‍ ബൈക്ക് പൊന്നാനി വെളിയങ്കോട് നിന്നും പോലീസ് കണ്ടെടുത്തു. പ്രദീപിനെതിരെ മലപ്പുറം, കോഴിക്കോട്, കസബ, പരപ്പനങ്ങാടി ഫറോക്ക്, നല്ലളം തുടങ്ങി കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി 20 ഓളം കേസുകളുണ്ടെന്ന് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സിഐ ജി. അജയകുമാര്‍ പറഞ്ഞു.
ചാവക്കാട് ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.