ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ബുംറ; ജയ്സ്വാളിനും കോഹ്ലിക്കും നേട്ടം
Wednesday, November 27, 2024 3:21 PM IST
അഡ്ലെയ്ഡ്: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ബൗളർമാരുടെ പട്ടികയിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി ഇന്ത്യൻ താരം ജസ്പ്രീത് ബുംറ. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 883 റേറ്റിംഗോടെയാണ് ബുംറ ഒന്നാമതെത്തിയത്. ഓസ്ട്രേലിയക്കെതിരേ പെര്‍ത്തില്‍ കാഴ്ചവച്ച എട്ടുവിക്കറ്റ് പ്രകടനമാണ് താരത്തിന് നേട്ടമായത്.
ദക്ഷിണാഫ്രിക്കൻ ബൗളർ കഗിസോ റബാഡയെയും ഓസ്ട്രേലിയയുടെ ജോഷ് ഹേസിൽവുഡിനെയും മറികടന്നാണ് ബുംറ ഒന്നാമതെത്തിയത്. ഈ വർഷം ഇത് രണ്ടാം തവണയാണ് താരം ഒന്നാമതെത്തുന്നത്. റബാഡയ്ക്ക് 872 റേറ്റിംഗും ഹേസിൽവുഡിന് 860 റേറ്റിംഗുമാണുള്ളത്. പെർത്തിൽ കളിച്ചില്ലെങ്കിലും ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ നാലാമതെത്തി.
അതേസമയം, പെർത്തിൽ സെഞ്ചുറിയോടെ റൺവരൾച്ചയ്ക്ക് വിരാമമിട്ട സൂപ്പർതാരം വിരാട് കോഹ്ലി ബാറ്റർമാരുടെ റാങ്കിംഗിൽ സ്ഥാനക്കയറ്റം നേടി. ഒമ്പതു സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ കോഹ്ലി 13-ാം സ്ഥാനത്തെത്തി. 689 റേറ്റിംഗുമായാണ് കോഹ്ലിയുടെ മുന്നേറ്റം. കഴിഞ്ഞ 10 വർഷത്തിനിടയിൽ ആദ്യമായിട്ടായിരുന്നു വിരാട് ആദ്യ 20ൽ നിന്നും പുറത്തുപോയത്.
അതേസമയം, പെർത്തിൽ സെഞ്ചുറിയോടെ ഫോം തുടരുന്ന യുവതാരം യശസ്വി ജയ്സ്വാൾ 825 റേറ്റിംഗ് പോയിന്റോടെ രണ്ടു സ്ഥാനം കയറി രണ്ടാം റാങ്കിലെത്തി. ആറാം സ്ഥാനത്തുള്ള ഋഷഭ് പന്താണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ ബാറ്റർ.
ഇംഗ്ലീഷ് സൂപ്പർതാരം ജോ റൂട്ടാണ് ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാം റാങ്കില്‍. കെയ്ന്‍ വില്യംസൺ, ഹാരി ബ്രൂക്ക്, ഡാരില്‍ മിച്ചല്‍ എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍.