തകർത്തടിച്ച് രോഹനും സച്ചിനും; നാഗാലൻഡിനെതിരെ കേരളത്തിന് എട്ടുവിക്കറ്റ് ജയം
Wednesday, November 27, 2024 2:27 PM IST
ഹൈദരാബാദ്: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂര്‍ണമെന്റില്‍ നാഗാലന്‍ഡിനെതിരേ കേരളത്തിന് തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത് നാഗാലന്‍ഡ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം കേരളം 11.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
നായകൻ സഞ്ജു സാംസൺ ഇല്ലാതെയിറങ്ങിയ കേരളത്തിന് രോഹൻ കുന്നുമ്മലിന്റെയും (28 പന്തില്‍ 57), സച്ചിന് ബേബിയുടെയും (31 പന്തില്‍ പുറത്താക്കാതെ 48) തകർപ്പൻ ഇന്നിംഗ്സാണ് വിജയം സമ്മാനിച്ചത്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത നാഗാലന്‍ഡിന് ഓപ്പണർമാരായ ഷംപാരിയും ജൊനാഥനും ചേർന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 57 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ, പത്താമോവറിൽ ജൊനാഥനെ (22) പുറത്താക്കിയ അബ്ദുള്‍ ബാസിത് കേരളത്തിന് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചു. പത്തു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഷംപാരിയെ(32) പുറത്താക്കി ജലജ് സക്സേന വീണ്ടും പ്രഹരമേല്‍പ്പിച്ചു. പിന്നാലെ കൃത്യമായ ഇടവേളകളിൽ നാഗാലാൻഡിന് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു.
പിന്നാലെ, ചേതന്‍ ബിഷ്ട് (12), അഫ്സൽ (നാല്), ഷിമോമി (ഏഴ്) എന്നിവരെ പുറത്താക്കിയ എൻ.പി. ബേസില്‍ ആഞ്ഞടിച്ചതോടെ നാഗാലൻഡ് അഞ്ചിന് 85 റൺസെന്ന നിലയിൽ തകർന്നു. തുടർന്ന് ക്രീസിൽ ഒന്നിച്ച ജെ. സുജിത്തും (അഞ്ച്) ഡി. നിശ്ചലും (22) ചേർന്ന് പിടിച്ചുനില്ക്കാൻ ശ്രമിച്ചു. ഇരുവരും ചേർന്ന് 28 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ, സ്കോർ 113 റൺസിൽ നില്‍ക്കെ നിശ്ചലിനെയും തൊട്ടുപിന്നാലെ സുജിത്തിനെയും ബേസിൽ തമ്പി പുറത്താക്കി. പിന്നാലെ മൂന്നു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഖ്രിവിസ്തോയെ (രണ്ട്) എം.ഡി. നിതീഷും പുറത്താക്കിയതോടെ എട്ടിന് 120 റൺസെന്ന നിലയിൽ നാഗാലൻഡിന്റെ ഇന്നിംഗ്സ് അവസാനിച്ചു.
കേരളത്തിനായി എൻ.പി. ബേസില്‍ 16 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ ബേസില്‍ തമ്പി 27 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് രണ്ടാം ഓവറിൽത്തന്നെ വിഷ്ണു വിനോദിനെ (രണ്ട്) നഷ്ടമായി. എന്നാൽ കൂറ്റനടികളോടെ ക്രീസിൽ ഒന്നിച്ച രോഹന് കുന്നുമ്മലും സച്ചിന് ബേബിയും ചേർന്ന് സ്കോർ ഉയർത്തി.
ഇരുവരും ചേർന്ന് രണ്ടാംവിക്കറ്റിൽ 55 പന്തിൽ 105 റൺസാണ് അടിച്ചുകൂട്ടിയത്. സ്കോർ 110 റൺസിൽ നില്‍ക്കെ വിജയത്തിനരികെ രോഹന് കുന്നമ്മൽ പുറത്തായെങ്കിലും സല്മാന് നിസാര്‍(3 പന്തില്‍ 11) കേരളത്തിന്റെ വിജയം പൂര്‍ത്തിയാക്കി.
ആദ്യ മത്സരത്തില്‍ സര്‍വീസസിനെ തകര്‍ത്ത കേരളം രണ്ടാം മത്സരത്തില്‍ മഹാരാഷ്ട്രയോട് തോറ്റിരുന്നു. ജയത്തോടെ ഗ്രൂപ്പ് ഇയില്‍ മൂന്ന് കളിയില്‍ നിന്ന് എട്ട് പോയിന്റോടെ കേരളം നാലാം സ്ഥാനത്തു നിന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി.